മുന്നറിയിപ്പ്
യഥാസമയം മതിയായ വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വ്വം നല്‍കുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും മറ്റു നിയമം / ചട്ടങ്ങള്‍ പ്രകാരവും ശിക്ഷാര്‍ഹമാണ്. (ഇതാണ് തുടക്കം തന്നെ)
എനിക്ക് കിട്ടിയ ഫോറം പലപ്രാവശ്യം കൈകൊണ്ടെടുത്തിട്ട് ഒരു സാധാരണക്കാരന് പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മടക്കിവെച്ച് കാത്തിരിക്കുമ്പോഴാണ് 16-07-09 ലെ മാതൃഭൂമി ലേഖനം ശ്രദ്ധയില്‍പ്പെട്ടത്. അത് ചുവടെ ചേര്‍ത്തിരിക്കുന്നു.
മേല്‍ക്കൂരയുടെ വിസ്‌തീര്‍ണം ? ചതുരശ്ര മീറ്ററില്‍ എത്ര ? ഉത്തരം പറഞ്ഞേ തീരൂ...
ഒരു ചോദ്യാവലി നോക്കാം.
1. ഏതെല്ലാം തരത്തിലുള്ള മേല്‍ക്കൂരയുണ്ട്? ഓരോന്നിന്റെയും വിസ്‌തീര്‍ണം ചതുരശ്ര മീറ്ററില്‍ എഴുതുക.
2. കെട്ടിടത്തിന്റെ ചുമരിന്റെ ഉയരമെത്ര? ഏതൊക്കെ വസ്‌തുക്കള്‍ കൊണ്ടാണ് ചുമര്‍ നിര്‍മാണം ? ഓരോന്നിന്റെയും വിസ്‌തീര്‍ണമെത്ര?
....തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി കെട്ടിട നികുതി നിശ്ചയിക്കുന്ന രീതി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി വകുപ്പ് ഏര്‍പ്പെടുത്തിയ പുതിയ ഫോറത്തിലെ ചില സാമ്പിള്‍ ചോദ്യങ്ങളാണിവ. നാല് പേജുള്ള ചോദ്യാവലിയില്‍ മൊത്തം 18 ചോദ്യങ്ങള്‍ക്കാണ് നിങ്ങള്‍ ഉത്തരം എഴുതേണ്ടത്. പലതിനും ഉത്തരമെഴുതണമെങ്കില്‍ നിര്‍മാണ മേഖലയിലെ വിദഗ്‌ധര്‍ വേണം. അതിന് 500 മുതല്‍ 1000 വരെയാണ് ഫീസ്. പഞ്ചായത്തുമായി ബന്ധമുള്ള വിദഗ്‌ധനാണെങ്കില്‍ കാശ് അതിലൊതുങ്ങും. വിഹിതം പഞ്ചായത്തിലെത്തും. അല്ലെങ്കില്‍ പുനഃപരിശോധനയ്‌ക്കെത്തുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ഉടക്കുവെക്കും. ഔദ്യോഗിക നൂലാമാല ഒഴിവാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നൊരു പരിഷ്‌കാരം എത്ര പെട്ടെന്ന് ജനവിരുദ്ധമാകുകയാണെന്നു നോക്കുക.
മറ്റേതുവകുപ്പിലെയും പോലെ പഞ്ചായത്തിലും ആള്‍ക്ഷാമം അതിരൂക്ഷമാണ്. അധികാര വികേന്ദ്രീകരണത്തോടെ മുപ്പതോളം വകുപ്പുകളുടെ ചുമതലയും തൊഴിലുറപ്പ് പദ്ധതി, കെട്ടിട നിര്‍മാണച്ചട്ടം നോക്കല്‍ തുടങ്ങിയവയും പഞ്ചായത്തിനാണ്. സ്റ്റാഫ് പാറ്റേണാകട്ടെ 1983-ലേയും.
ജോലിഭാരം കൂടുന്തോറും അഴിമതിക്കുള്ള സാധ്യതയും ഉയരും. വെട്ടിലാകുന്നത് പാവം ജനവും.
മൂന്നു പഞ്ചായത്തുകള്‍ക്ക് ഒരു എന്‍ജിനീയര്‍
മൂന്നു പഞ്ചായത്തുകളുടെ ചുമതല വഹിക്കാന്‍ ഒരു ഓവര്‍സീയര്‍ അല്ലെങ്കില്‍ ഒരു അസി.എന്‍ജിനീയര്‍. മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളുടെയും സ്ഥിതി ഇതാണ്. പുതുക്കിയ കെട്ടിടനിര്‍മാണച്ചട്ടം പ്രകാരം ഈ ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ നിര്‍മാണം തുടങ്ങാനാകൂ. നിര്‍മാണം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഇവര്‍ പരിശോധന നടത്തണം. വയല്‍ പ്രദേശത്താണ് കെട്ടിടം പണിയെങ്കില്‍ എന്‍ജിനീയര്‍, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ചേര്‍ന്നുള്ള സമിതി തീരുമാനമെടുക്കണം. ഈ സംഗമം ഒപ്പിച്ചെടുക്കാന്‍ അപേക്ഷകന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും.
മണല്‍ കടമ്പകള്‍
കണ്ണൂര്‍ നഗരത്തിനടുത്ത് പാറക്കല്‍ മണല്‍വാരല്‍ കടവ്. രാവിലെ 9.30. ഒരു ലോഡ് മണല്‍ വേണം. കടവിലെ ബൂത്തില്‍ ആയിരം രൂപയടച്ച് പാസ് വാങ്ങിയാല്‍ മണല്‍ കിട്ടുമെന്ന് പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത് അനുസരിച്ചാണ് ഇവിടെ എത്തിയത്. ഓലഷെഡ്‌ഡില്‍ മേശപ്പുറത്ത് പുസ്‌തകം തുറന്നുവെച്ചിരിക്കുന്ന രണ്ടുപേരെ സമീപിച്ച് കാര്യം പറഞ്ഞു.
''ഇവിടെ ആള്‍ക്കാരുമായി നേരിട്ട് ഇടപാടില്ല. ലോറിക്കാരോട് ചോദിച്ചുനോക്കൂ. രണ്ടുമൂന്നുമാസം കഴിയാതെ സാധനം കിട്ടില്ല. പരിചയക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ കിട്ടിയേക്കും''-ഒന്നാമന്‍ പറഞ്ഞു. ''ഇവിടെ ബുക്കിങ്ങില്ല. അതിനാണെങ്കില്‍ പഞ്ചായത്തിനടുത്ത് സൊസൈറ്റിയുണ്ട്''-രണ്ടാമന്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥലം രണ്ട്: മണല്‍ വിതരണം ചെയ്യുന്ന കണ്ണൂര്‍ ബില്‍ഡിങ് ആന്‍ഡ് മെറ്റീരിയല്‍സ് സൊസൈറ്റി.
''രക്ഷയില്ല. ആറുമാസം കൊടുത്താല്‍ തീരാത്തത്ര ബുക്കിങ്ങുണ്ട്. വേണമെങ്കില്‍ അഴീക്കോട്ടുനിന്ന് മണല്‍ തരാം. കുറച്ച് ചാര്‍ജ് അധികമാകും''-ജീവനക്കാരന്റെ മറുപടി
സ്ഥലം മൂന്ന്: പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസ്. നേരത്തേ കണ്ട ഉദ്യോഗസ്ഥനില്ല. മറ്റൊരാളോട് തിരക്കിയപ്പോള്‍ മറുപടി ഇങ്ങനെ: ''മണല്‍ പാസ്സോ? അങ്ങനെയൊരു സംവിധാനം ഇവിടെയില്ല. എല്ലാം കടവിലാണ്.''
സമയം ഉച്ചയായി. ഈ മൂന്നുസ്ഥലങ്ങളില്‍ ചെന്നാലും മണല്‍ കിട്ടുക ബുദ്ധിമുട്ടാകുമെന്ന് മനസ്സിലായി. സര്‍ക്കാര്‍ പറയുന്ന മണല്‍പാസ് എന്നൊക്കെ വിശ്വസിച്ചുപോയാല്‍ കാര്യം നടക്കില്ല. എങ്ങനെയും മണല്‍ കിട്ടിയേ മതിയാകൂ എന്ന നിലയില്‍ കഴിഞ്ഞദിവസം പോയ കടവില്‍ വീണ്ടും പോകാം. ഇന്ന് ഇത്തിരി നേരത്തേയാക്കാം.
രണ്ടാം ദിവസം. സമയം രാവിലെ 7.45.
കടവു നടത്തിപ്പുകാരന്‍ കണ്ടപാടെ ഈര്‍ഷ്യയോടെ പറഞ്ഞു: ''സുഹൃത്തേ, നിങ്ങളോടല്ലേ പറഞ്ഞത് ലോറിക്കാരെ കാണാന്‍''- അദ്ദേഹം പറയുന്നത് അനുസരിക്കാതെ നിവൃത്തിയില്ല. 2500 രൂപ അധികം കൊടുത്താല്‍ മണല്‍ തരാമെന്ന് ലോറിക്കാരന്‍. ബുക്കിങ്ങും വേണ്ട, പാസ്സും വേണ്ട. പഞ്ചായത്തില്‍ രഹസ്യമായന്വേഷിച്ചപ്പോള്‍ കാര്യം പിടികിട്ടി. കടവ് നടത്തിപ്പിന്റെ ചുമതലക്കാരന്‍ സൂപ്പര്‍വൈസര്‍ ഓരോ ആഴ്‌ചയിലെയും പാസ് കൈപ്പറ്റും. പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് കടവിലേക്കെത്തുന്നതിനിടെ ഈ പാസ് പോകുന്നതെവിടെ? ഒരു ലോഡ് മണല്‍ കിട്ടാന്‍ വിഷമമുണ്ടെങ്കിലും അമ്പതോ അറുപതോ ലോഡ് ഒരുമിച്ച് കിട്ടാന്‍ എളുപ്പമാണ്. നാട്ടിലെങ്ങും ബഹുനില ഫ്‌ളാറ്റുകള്‍ ഉയരുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
കടവുകള്‍ ലേലത്തിന് നല്‍കുന്ന സമ്പ്രദായം 1996-ല്‍ നിര്‍ത്തിയശേഷം പഞ്ചായത്തുകള്‍ നേരിട്ടാണ് മണല്‍വാരല്‍ നിയന്ത്രിക്കുന്നത്. ഏഴര ടണ്‍ കൊള്ളുന്ന ഒരു ലോഡിന് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് 2022 രൂപയാണ്. അഞ്ചുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ ലോറിവാടക 2500 രൂപ. കാലതാമസം മറികടക്കാനാണ് അന്യസംസ്ഥാന മണലിനെ പലരും ആശ്രയിക്കുന്നത്. മംഗലാപുരം, പൊള്ളാച്ചി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്ന് ചെക്ക്‌പോസ്‌റ്റില്‍ മതിയായ പണമടച്ച് മണല്‍ എത്തിച്ചാലും നാട്ടിലെത്തിയാല്‍ പോലീസ് പിടികൂടും.
പ്രേമയുടെ കഥ
ഒറ്റയ്‌ക്ക് ജീവിതം തുഴഞ്ഞ് തളര്‍ന്നതിന്റെ വടുക്കള്‍ പ്രേമയുടെ മുഖത്തുണ്ട്. 14 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. പാലക്കാട് ജില്ലയിലെ പട്ടഞ്ചേരിയില്‍ ഓലമേഞ്ഞ മണ്‍കുടിലില്‍ മകളുമൊത്താണ് താമസം. ആരും തുണയ്‌ക്കില്ലാത്ത പ്രേമയുടെ ഉള്ളില്‍ തീയാണ്. അടച്ചുറപ്പുള്ളൊരുവീട് മാത്രമാണ് അവരുടെ മോഹം. കൃഷിപ്പണിയില്‍ നിന്നുള്ള തുച്ഛമായ കാശ് മാത്രമാണ് വരുമാനം. പഞ്ചായത്തില്‍ നിന്ന് ഒരു വീട് അനുവദിച്ചുകിട്ടാന്‍ പ്രേമ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ തവണയും ഓരോ കാരണം പറഞ്ഞ് ഒഴിവാക്കും. പ്രേമയുടെ അച്ഛന് മുമ്പ് വീട് അനുവദിച്ചിരുന്നുവെന്നും അക്കാരണത്താല്‍ മകള്‍ക്ക് വീട് നല്‍കാന്‍ പറ്റില്ലെന്നുമാണ് ഒടുവില്‍ പറഞ്ഞ ന്യായം. അച്ഛന് വീട് അനുവദിച്ചത് ശരിയാണ്. പക്ഷേ, വീട് പണി തുടങ്ങും മുമ്പ് അച്ഛന്‍ മരിച്ചു. പണം വാങ്ങിയിട്ടുമില്ല. ഇത് പ്രേമയുടെ ന്യായം. മാനദണ്ഡങ്ങള്‍ പ്രകാരം വീട് കിട്ടിയ മറ്റുപലരെക്കാളും യോഗ്യത പ്രേമയ്‌ക്കുണ്ട്. ഭര്‍ത്താവില്ല, കര്‍ഷകത്തൊഴിലാളി, ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുന്നവള്‍. പക്ഷേ, പറഞ്ഞിട്ടുകാര്യമില്ല, സര്‍ക്കാര്‍ മുറയില്‍ പ്രേമയ്‌ക്ക് വീട് അനുവദിക്കാന്‍ മാര്‍ഗമില്ലെന്ന് പഞ്ചായത്തുകാരുടെ വാദം. ഏറ്റവും സാധാരണക്കാരിയായ പ്രേമയെ സര്‍ക്കാര്‍ നിയമംവലയ്‌ക്കുന്നതെന്ത്?
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പഠനം നടത്തിയ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. എം.എ. ഉമ്മനോട് പഞ്ചായത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നമുക്ക് ചോദിക്കാം.
പ്രാദേശിക ജനാധിപത്യം മെച്ചപ്പെടുത്തണം
ഡോ. എം.എ. ഉമ്മന്‍ പറയുന്നു: ''ബ്രസീലിലെ പോര്‍ട്ടോ അലഗ്രെയിലാണ് ജനങ്ങളോട് ചോദിച്ചിട്ട് ബജറ്റ് ഉണ്ടാക്കുന്ന രീതി തുടങ്ങിയത്. ഒരുപക്ഷേ, അതിനെക്കാള്‍ വിശാലമാണ് കേരളത്തിലെ വികേന്ദ്രീകരണാശയം. ജനങ്ങളുടെ വികസന നിയോഗം അവര്‍ തന്നെ തിരഞ്ഞെടുക്കത്തക്കവിധമാണ് ഇവിടെ ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത്. ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് അതിന്റെ ആകെത്തുക. അതുമായി ബന്ധപ്പെട്ട് തൊണ്ണൂറുകളില്‍ സമഗ്രമായ പൗരാവകാശ രേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേക്കുറിച്ച് ജനപ്രതിനിധികള്‍ക്കോ, ഗ്രാമസഭകള്‍ക്കോ, സാധാരണ ജനത്തിനോ അറിയില്ല. പ്രാദേശിക ജനാധിപത്യംമെച്ചപ്പെടുത്തിയാലേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. അതിനുവേണ്ട അവബോധം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.''
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സമഗ്രമായ കമ്പ്യൂട്ടര്‍വത്‌കരണം നടപ്പിലാക്കണമെന്ന സര്‍ക്കാരിന്റെ ദൗത്യം തുടങ്ങിയിട്ട് രണ്ടുദശകത്തോളമായി. സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍വത്‌കരണം എവിടെയെത്തി? അതേക്കുറിച്ച് നാളെ
തയ്യാറാക്കിയത്:
സി.പി. വിജയകൃഷ്‌ണന്‍, പി.പി. ശശീന്ദ്രന്‍,
ജോയ് വര്‍ഗീസ്, ജോര്‍ജ് പൊടിപ്പാറ,
പി.എസ്. ജയന്‍
'സാന്‍ഡി'നെ അട്ടിമറിച്ചതാര് ?
മണല്‍ വിതരണവും വിപണനവും സുതാര്യവും കാര്യക്ഷമവുമാക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെ കണ്ണൂരില്‍ ഒരു സോഫ്‌റ്റ്‌വേര്‍ തയ്യാറാക്കിയിരുന്നു. 'സാന്‍ഡ്' എന്ന് പേര്. ജില്ലാ കളക്ടര്‍ ഇഷിതാ റോയിയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം നടന്നു. മണലിന്റെ ക്രയവിക്രയം, സ്ഥലത്തിന്റെയും പണിയാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെയും വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമഗ്രവിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്നവിധമായിരുന്നു അതിന്റെ രൂപകല്‌പന. പഞ്ചായത്തോഫീസുമായി ഏകോപിപ്പിച്ചാല്‍ മണല്‍ സംബന്ധമായ എല്ലാ പരാതികള്‍ക്കും ഇതിലൂടെ പരിഹാരമുണ്ടാകുമായിരുന്നു.
പക്ഷേ, പ്രഖ്യാപനം വന്നതോടെ തന്നെ മണല്‍വാരല്‍ തൊഴിലാളികളെ മുന്നില്‍നിര്‍ത്തി രാഷ്ട്രീയക്കാര്‍ സമരഭീഷണി മുഴക്കി. ഇന്നത്തെ മണല്‍ മാഫിയ എന്നു പറയുന്നവരെല്ലാം സമരത്തിന് ഊര്‍ജം പകര്‍ന്നു. ഉദ്യോഗസ്ഥ തലത്തിലെവിടെയോ സാന്‍ഡ് അട്ടിമറിക്കപ്പെട്ടു. മണലിന് വേണ്ടി പൊതുജനം കടവിലും പഞ്ചായത്ത് ഓഫീസിലും ഇപ്പോഴും തെണ്ടി നടക്കുന്നു.
എല്ലാ പഞ്ചായത്തിലും ഫ്രണ്ട് ഓഫീസ്
ആഗസ്‌ത് 15 ഓടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും മികച്ച സൗകര്യങ്ങളോടെയുള്ള ഫ്രണ്ട് ഓഫീസ് സ്ഥാപിക്കുമെന്ന് പഞ്ചായത്ത് വകുപ്പ് അറിയിക്കുന്നു. എല്ലാത്തരം അപേക്ഷകളും അപേക്ഷയെഴുതാനുള്ള പേപ്പറും പേനയും വരെ ഫ്രണ്ട് ഓഫീസിലുണ്ടാകും. ജീവനക്കാരുടെ ഹാജര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. എല്ലാത്തരം അപേക്ഷകളും ഇവിടെ സ്വീകരിക്കും. ഫ്രണ്ട് ഓഫീസിനോടനുബന്ധിച്ച് ടോയ്‌ലെറ്റ്, കുടിവെള്ളം, ടെലിഫോണ്‍, മുലയൂട്ടുന്നവര്‍ക്ക് പ്രത്യേകം സ്ഥലം എന്നിവയുമുണ്ടാകും. ഇപ്പോള്‍ ചില ജില്ലകളില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസുകളും ഇതേ നിലവാരത്തില്‍ കൊണ്ടുവരും. ഫ്രണ്ട് ഓഫീസുകള്‍ വരുന്നതോടെ ഇടനിലക്കാരെ ഒഴിവാക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിയമങ്ങളൊന്നും ആവശ്യമില്ല. നിലവിലുള്ള നിയമങ്ങളും നിര്‍ദേശങ്ങളും ആര്‍ജവത്തോടെ നടപ്പാക്കിയാല്‍ മതി.
-എം.എ. ഉമ്മന്‍
കടപ്പാട് - മാതൃഭൂമി 16-07-09
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ