ബുധനാഴ്‌ച, ഡിസംബർ 30, 2009

ജനമാണ് രാജാവ് പ്രത്യേകിച്ചും യൂണിയനില്‍പ്പെട്ടവര്‍

പരാതി നല്‍കിയിട്ടും നടപടിയില്ല വിദേശമദ്യം 'നോക്കിനിന്നാലും' അട്ടിമറിക്കാര്‍ക്ക് കിക്ക്!

തിരുവനന്തപുരം: കൂലിക്ക് പുറമേ നോക്കുകൂലിയും അനധികൃത പിരിവും ഗുണ്ടാഫീസും. യൂണിയന്റെ പേരില്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ ലോഡുമായെത്തുന്ന ലോറികള്‍ ദിവസങ്ങളോളം ഗോഡൗണ്‍ വളപ്പില്‍ കാത്തുകിടക്കേണ്ടിവരും. ഡിസ്റ്റിലറി ഉടമ കമ്മീഷനും ലോറിക്കാര്‍ അനധികൃത പിരിവും നല്‍കാന്‍ തയ്യാറായാല്‍ മുന്‍ഗണനാക്രമം ലംഘിച്ച് ലോഡിറക്കി തിരികെ പോകാം.

നെടുമങ്ങാട് പഴകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ മൊത്തവിതരണ കേന്ദ്രത്തിലാണ് ഭരണകക്ഷി യൂണിയനില്‍പ്പെട്ട തൊഴിലാളി സംഘടനാപ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച അധികൃതര്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനും ഉന്നത അധികൃതര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഫയലില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്.

ഭരണകക്ഷി യൂണിയനില്‍പ്പെട്ട മുപ്പതോളം തൊഴിലാളികളാണ് പഴകുറ്റിയിലെ ഗോഡൗണിലുള്ളത്. ഡിസ്റ്റിലറികളില്‍ നിന്നും എത്തിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ബിവറേജസ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ലോറികളില്‍ എത്തിക്കുന്ന മദ്യക്കുപ്പികള്‍ ഗോഡൗണില്‍ ഇറക്കി ഹോളോഗ്രാം പതിച്ചശേഷമാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ കയറ്റിറക്ക് ചുമതലയാണ് തൊഴിലാളികള്‍ക്കുള്ളത്. നിയമപ്രകാരമുള്ള കൂലി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതൊരിക്കലും പാലിക്കാറില്ലെന്ന് പരാതിയുണ്ട്. സംഘടനാ പിരിവിന്റെ പേരിലാണ് ലോറി ഡ്രൈവര്‍മാരില്‍ നിന്നും തുക ഈടാക്കുന്നത്. 250 നും ആയിരത്തിനും ഇടയ്ക്കുള്ള തുക ലോറി ജീവനക്കാരില്‍ നിന്നും തൊഴിലാളികള്‍ അനധികൃതമായി ഈടാക്കുന്നുണ്ട്. വിസമ്മതിക്കുന്നവരുടെ ലോഡ് ഇറക്കാന്‍ വൈകുന്നതിന് പുറമേ മദ്യക്കുപ്പികളും കെയ്‌സുകളും നശിപ്പിക്കുന്നതും പതിവാണ്. കയറ്റിറക്കിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കഴിച്ചുള്ള തുകയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഡിസ്റ്റിലറികള്‍ക്ക് നല്‍കാറുള്ളത്. കമ്പനികള്‍ ഇത് ലോറി ജീവനക്കാരില്‍ നിന്നും ഈടാക്കും.

തൊഴിലാളികളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. പുതുതായി തൊഴിലാളികളെ നിയമിക്കുമ്പോള്‍ മറ്റു യൂണിയനുകള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കേണ്ടിവരുമെന്നതാണ് ഇതിന് തടസ്സമാകുന്നത്. നിലവില്‍ ലോഡിറക്കുന്നതിന് രണ്ടാഴ്ചയോളം വൈകുന്നുണ്ട്. ലോഡ് ഇറക്കുന്നതിനുള്ള കൂലി കെ.എസ്.ബി.സി സ്വീകരിച്ച ശേഷമാണ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ തുക തൊഴിലാളികള്‍ നേരിട്ട് വാങ്ങുന്നതും പതിവാണ്. ലോറികള്‍ ഗോഡൗണില്‍ എത്തുമ്പോള്‍തന്നെ തൊഴിലാളികള്‍ തുക കൈപ്പറ്റും. ലോഡിറക്കുന്ന ദിവസംവരെ ഈ തുക സൂക്ഷിക്കാനാകും. ഇരുപത്തഞ്ചിലധികം ലോറികള്‍ ലോഡിറക്കുന്നതിനായി ഒരേസമയം ഗോഡൗണില്‍ കാത്തുകിടക്കാറുണ്ട്. ഒരു ലക്ഷത്തിലധികം തുക ഈ രീതിയില്‍ തൊഴിലാളികളുടെ കൈവശം അനധികൃതമായി ലഭിക്കാറുണ്ട്. ജീവനക്കാരുടെ അഭാവം നിമിത്തം തുക മുന്‍കൂട്ടി കൈപ്പറ്റാന്‍ കഴിയില്ലെന്നാണ് കെ.എസ്.ബി.സി അധികൃതരുടെ ഭാഷ്യം.

ഗോഡൗണിന്റെ മേല്‍നോട്ടത്തിന് എകൈ്‌സസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവരും തൊഴിലാളികളെ നിയന്ത്രിക്കാറില്ലെന്നും പരാതിയുണ്ട്. ബിവറേജസ്, സിവില്‍ സപ്ലൈസ് ചില്ലറ വില്‍പ്പന ശാലകളിലേക്ക് കൃത്യസമയത്ത് ലോഡ് കയറ്റി അയയ്ക്കുന്നതിനും തൊഴിലാളികള്‍ വിഹിതം ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ക്രമക്കേടുകളെക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ബി.സി എം.ഡി. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ