വ്യാഴാഴ്‌ച, ജനുവരി 21, 2010

പ്രൊഫസര്‍ക്ക് ഒരു കര്‍ഷകന്റെ മറുപടി

ജി.എം. വിളകളും കേരളവും


പ്രൊഫ. കെ.വി. തോമസ്
കേന്ദ്ര കൃഷി സഹമന്ത്രി

ജനിതകവിളകള്‍ ഒരുതരം 'ഫ്രാങ്കന്‍സ്റ്റെയിന്‍' ഭീകരന്മാരാണെന്നും മനുഷ്യരാശിയുടെയും ജൈവവൈവിധ്യത്തിന്റെയും അന്തകരാണെന്നും മറ്റുമുള്ള പ്രചാരണത്തിന് അന്ധമായ മൗലികവാദത്തിന്റെ സ്വഭാവമാണുള്ളത്. ജി.എം. വിളകള്‍ ഗുണകരമോ ദോഷകരമോ ആകുന്നത് വിളയും ഫലവും പരിസ്ഥിതിയിലുണ്ടാകുന്ന ഫലങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്. 26 രാജ്യങ്ങള്‍ വിജയകരമായി പരീക്ഷിക്കുന്ന ഒരു സാങ്കേതികവിദ്യ വേണ്ടന്നു വെക്കുന്നത് നിയന്ത്രിത പരീക്ഷണങ്ങളുടെയും ശാസ്ത്രീയ പഠനങ്ങളുടെയും അടിസ്ഥാനത്തിലാവണം.

പ്രൊഫസറെ മനുഷ്യരാശിയുടെ അന്തകരാണ് ജി.എം വിളകള്‍ എന്നതിന് ഒരേ ഒരു വെളിപ്പെടുത്തല്‍ മാത്രം മതിയല്ലോ. കീടബാധ ഉണ്ടാകാത്ത വിള എന്നതിനര്‍ത്ഥം ശത്രുകീടങ്ങള്‍ പോലെ മിത്രകീടങ്ങളുടെ മാത്രമല്ല മനുഷ്യന്റെയും അന്ത്യം തന്നെയെന്നതല്ലെ ഏറ്റവും വലിയ ദോഷം?

ശാസ്ത്രവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരു തരം 'പോപ്പ്' ആക്ടിവിസം നയരൂപവത്കരണത്തില്‍ നടത്തുന്ന സ്വാധീനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളസര്‍ക്കാറിന്റെ ജനിതകമാറ്റ ജി.എം. വിളകളോടുള്ള നയസമീപനം. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് സംഘടിപ്പിച്ച 'ജനിതകമാറ്റ വിളകളും ജൈവവൈവിധ്യ സംരക്ഷണവും' എന്ന സെമിനാറിന്റെ ശുപാര്‍ശകള്‍ അപ്പാടെ സ്വീകരിച്ച സര്‍ക്കാര്‍ മുഖ്യമന്ത്രിതലത്തില്‍ ത്തന്നെ കേന്ദ്രസര്‍ക്കാറിനു കത്തെഴുതി. ജനിതകമാറ്റവിളകളുടെ 'ദൂര വ്യാപകമായ ദൂഷ്യഫലങ്ങള്‍' മുന്‍നിര്‍ത്തി ഈ വിളകള്‍ കൃഷി ചെയ്യുന്നത് ദേശീയ തലത്തില്‍ അന്‍പതു വര്‍ഷത്തേക്ക് നിരോധിക്കണം എന്നാണ് ആവശ്യം.
ഈ ആവശ്യം ഉരുത്തിരിഞ്ഞ സെമിനാറിലോ അതു വിളിച്ചുകൂട്ടിയ ജൈവവൈവിധ്യ ബോര്‍ഡിലോ ഒരൊറ്റബയോടെക്‌നോളജി ശാസ്ത്രജ്ഞനും ഉണ്ടായിരുന്നില്ല. ജനിതക മാറ്റമുള്‍പ്പടെയുള്ള സാങ്കേതിക വിദ്യകളില്‍ വര്‍ഷങ്ങളായി കേന്ദ്ര ഗ്രാന്റുകളുപയോഗിച്ച് ഗവേഷണം നടത്തുന്ന രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍, കേരള കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ പങ്കെടുത്തതായി അറിവില്ല.
ദേശീയതലത്തില്‍ വിദഗ്ധരായ ശാസ്ത്രജ്ഞരും, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെയും രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലെയും ശാസ്ത്രജ്ഞര്‍ പങ്കെടുത്ത സെമിനാറായിരുന്നു അതെന്ന് ആ സെമിനാറില്‍ പങ്കെടുത്ത ഞാന്‍ സാക്ഷിയാണ്. പ്രസ്തുത സെമിനാറില്‍ പങ്കെടുക്കാത്ത താങ്കളെ ഇതേപ്പറ്റി ബോധപൂര്‍വ്വം മറ്റോരോ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാണ്.
കേരളത്തിലെ ജൈവ വൈവിധ്യം നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനു ബയോടെക് സാങ്കേതികവിദ്യ കാര്യമായി ഉപയോഗിക്കാം എന്നതാണ് ബി.ടി. നയത്തിന്റെ കാതല്‍. ആയുര്‍വേദത്തിന്റെയും മത്സ്യ-സുഗന്ധ വ്യഞ്ജന കയറ്റുമതികളുടെയും പശ്ചാത്തലത്തില്‍ ഈ സാധ്യതകള്‍ വിലയിരുത്തിയിരിക്കുന്നു. സ്വകാര്യമേഖലയില്‍ ബയോടെക് ഗവേഷണ-വിപണന സ്ഥാപനങ്ങള്‍ കുറവായത് കേരളത്തിന്റെ ശക്തിക്കുറവായി കാണുന്ന നയം ലക്ഷ്യമായി കാണുന്നത് ബി.ടി. രംഗത്തെ വ്യവസായങ്ങള്‍ക്കു പ്രോത്സാഹജനകമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലാണ്.
ബയോടെക്നോളജി എന്നത് മണ്ണിലെ ജൈവ വൈവിധ്യം നിലനിറുത്തുന്നതിന് ഉതകുന്നതാവണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാസവളങ്ങളുടെയും, കള കുമിള്‍ കീട നാശിനികളുടെയും പ്രയോഗത്തിലൂടെ മലിനപ്പെട്ട മണ്ണിനെ സംരക്ഷിക്കുവാനാണ് ജൈവകൃഷിയില്‍ തല്പരരായ കര്‍ഷകര്‍ മുന്നോട്ടു വന്നത്. നാളിതുവരെ ലോകത്തൊരിടത്തും ലേബലിംങ് നടപ്പിലാക്കിയ ജി.എം വിളകളുടെ കമ്പോളം ഇല്ല എന്നതല്ലെ വാസ്തവം. ആവശ്യക്കാരന് കണ്ടെത്തുവാന്‍ ജി.എം ഭക്ഷ്യ വിളകളുടെ മാത്രം ഒരു വിപണനകേന്ദ്രം താങ്കള്‍ക്ക് കാട്ടിത്തരാമോ?

സുഗന്ധ വ്യഞ്ജനങ്ങള്‍, പ്ലാന്‍േറഷന്‍ ഉത്പന്നങ്ങള്‍, മത്സ്യം എന്നിവയില്‍ ഗുണമേന്മയും മൂല്യവും വര്‍ധിപ്പിക്കുക, റബര്‍, തേങ്ങ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനക്ഷമത കൂട്ടുകവഴി അവയെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മത്സരക്ഷമമാക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സംസ്ഥാനത്തെ വന, മൃഗ, മത്സ്യസമ്പത്ത് വികസിപ്പിക്കുക, ആയുര്‍വേദത്തെ ആധുനികീകരിച്ച് സുസ്ഥിരമായ ചികിത്സാരീതികള്‍ നല്‍കുന്ന പാരമ്പര്യ അറിവുകളും സമ്പ്രദായങ്ങളും പ്രചരിപ്പിക്കുക ഇങ്ങനെ വിവിധ ലക്ഷ്യങ്ങളിട്ട ബി.ടി. നയമാണ് അട്ടിമറിക്കിരയായത്.
ഇതുവഴി ജൈവ സാങ്കേതിക നയം ഫലത്തില്‍ നിര്‍ജീവമായതോടൊപ്പം ആര്‍.ജി.സി.ബി.യും കാര്‍ഷിക സര്‍വകലാശാലയും വികസിപ്പിച്ചെടുത്തതും ഗവേഷണം തുടരുന്നതുമായ നിരവധി പദ്ധതികളുടെ ഗുണഫലം കേരളത്തിനു മാത്രം ലഭ്യമല്ലാതെയാകും. എന്നുതന്നെയല്ല ഉത്പാദന മേന്മയുള്ളതും പാര്‍ശ്വഫലങ്ങള്‍ പാരമ്പര്യ-ഹരിത വിപ്ലവ രീതികളില്‍നിന്നും കുറഞ്ഞതുമായ പഴ-പച്ചക്കറി വര്‍ഗങ്ങള്‍ ജി.എം. സാങ്കേതിക വിദ്യയിലൂടെ ഇതര സംസ്ഥാനങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍ കേരളത്തിന്റെ നില കൂടതല്‍ പരുങ്ങലിലാകും. ഉത്പാദന ക്ഷമതാ മികവില്ലാതെ, ജി.എം. വിളകള്‍ക്കു നടുവില്‍ ബ്രീഡിങ് യുഗത്തിലെ ഒരു തടവുകാരനായി കേരളം മാറും.
സുഗന്ധ വ്യഞ്ജനങ്ങള്‍, പ്ലാന്റേഷന്‍ ഉത്പന്നങ്ങള്‍, മത്സ്യം എന്നിവയില്‍ ഗുണമേന്മയും മൂല്യവും വര്‍ധിപ്പിക്കുക, റബര്‍, തേങ്ങ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനക്ഷമത കൂട്ടുകവഴി അവയെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മത്സരക്ഷമമാക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സംസ്ഥാനത്തെ വന, മൃഗ, മത്സ്യസമ്പത്ത് വികസിപ്പിക്കുക, ആയുര്‍വേദത്തെ ആധുനികീകരിച്ച് സുസ്ഥിരമായ ചികിത്സാരീതികള്‍ നല്‍കുന്ന പാരമ്പര്യ അറിവുകളും സമ്പ്രദായങ്ങളും പ്രചരിപ്പിക്കുക എന്നിവ ജൈവകൃഷിയിലൂടെ മാത്രമേ സാധ്യമാകൂ. ജൈവ റബ്ബര്‍ കൃഷിയുടെ മേന്മ നേരിട്ട് മനസിലാക്കിയ കര്‍ഷകനാണ് ഞാന്‍. ദയവുചെയ്ത് ജി.എം വിത്തുകളടെ കുത്തകയുടെ മുന്നില്‍ കര്‍ഷകരെ തടവുകാരനാക്കരുത്.
ജൈവ വൈവിധ്യ ബോര്‍ഡിന്റെ വാദഗതികള്‍ ആദ്യം പരിശോധിക്കാം.
1. ജി.എം. വിളകള്‍ നിലവിലുള്ള വിത്തു (ജനിതക) വൈവിധ്യത്തെ കുറയ്ക്കുക വഴി ജൈവ വൈവിധ്യം കുറയുന്നു.
2. ഇന്ത്യയുടെ തനതു ഭക്ഷ്യവൈവിധ്യം അപകടത്തിലാകും.
3. ഇക്കോസിസ്റ്റത്തിന്റെ ഉദ്ഗ്രഥനം തകര്‍ക്കും
4. മനുഷ്യരുടെയും ഇതര ജന്തുക്കളുടെയും ആരോഗ്യത്തിനു ഹാനികരമാവും.
5. വിത്തുത്പാദനം വന്‍കിട കമ്പനികളുടെ കീഴിലാവുക വഴി ചൂഷണത്തിനു വഴി തെളിയും. പൊതു ഗവേഷണം കുറയും. കര്‍ഷക അവകാശങ്ങള്‍ കവരും.
6. അങ്ങനെ കാര്‍ഷിക വൃത്തി പാരിസ്ഥിതികമായും സാമ്പത്തികമായും നിലനില്പില്ലാത്തതാകും.
ഇതല്ലെ ശരി?

കേരളം അറിയേണ്ടത്


1996-ല്‍ ആദ്യ ജനിതക മാറ്റവിളയായ പരുത്തി യു.എസ്സില്‍ വ്യാപകമായി. ഇന്ന് ലോകത്തെങ്ങും ജി.എം. വിളകളുടെ വ്യാപനം 1996-ലെ 0.8 ദശലക്ഷം ഹെക്ടറില്‍നിന്ന് 125 ദശലക്ഷം ഹെക്ടറിലെത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ ബി.ടി. വിളകളുടെ വ്യാപനമാരംഭിക്കുന്നത് സ്വകാര്യ കമ്പനിയായ മാഹികോ വിത്തുകള്‍ ഇന്ത്യയില്‍ വിപണനം ചെയ്യാന്‍ അനുമതി നേടുന്നതോടെയാണ്. 1997 മുതല്‍ 2001 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിത്തുകളുടെ ഉത്പാദന പാരിസ്ഥിതിക വശങ്ങള്‍ പഠിച്ചു. ജനിതക എന്‍ജിനീയറിങ് അനുമതി സമിതി (ജി.ഇ.എ.സി.) 2002 ഏപ്രിലില്‍ മൂന്നു പരുത്തിത്തരങ്ങള്‍ക്ക് അംഗീകാരം നല്കി. പിന്നീട് ചൈനീസ് സയന്‍സ് അക്കാദമി, ഐ.ഐ.ടി. ഗൊരക്പുര്‍, കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ എന്നിവര്‍ വികസിപ്പിച്ച ഇനങ്ങള്‍ക്കും അനുമതി നല്കി.
ഇന്ന് മൊത്തം 619 വ്യത്യസ്ത ബി.ടി. പരുത്തി ഇനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതിയുണ്ട്.
എന്താണ് പരുത്തിയില്‍ ജി.എം. വിളകള്‍ വരുത്തിയ മാറ്റം? പരുത്തി കൃഷി 29,307 ഹെക്ടറില്‍നിന്ന് (2002) 68,00,000 ഹെക്ടറിലേക്കു വളര്‍ന്നു. ഇന്ന് ഇന്ത്യയിലെ പരുത്തി കൃഷിയുടെ 82 ശതമാനവും ജി.എം. വിത്തുകളുപയോഗിച്ചുള്ളതാണ്. അഞ്ചുദശലക്ഷം കര്‍ഷകര്‍ പരുത്തി കൃഷിചെയ്യുന്നത് ജി.എം.വിത്തുകള്‍ ഉപയോഗിച്ചാണ്.
ജനിതകമാറ്റം വരുത്തിയ പരുത്തികൃഷി ചെയ്ത കൃഷിയിടങ്ങളില്‍ പണിയെടുത്തവര്‍ക്ക് അലര്‍ജി, മണ്ണിലെ മണ്ണിരകളുടെ വംശനാശം, ന്യൂട്രിയന്റ് മൈനിംഗ്, മിത്രകീടങ്ങളുടെ വംശനാശം, മേഞ്ഞു നടന്ന ആടുമാടുകളുടെ ചത്തുവീഴല്‍ ഇവയൊന്നും താങ്കള്‍ അറിഞ്ഞില്ലെ?
ഇതിനാല്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ കീടനാശിനികള്‍ കുറച്ചുപയോഗിക്കാന്‍ കഴിയുന്നു. 0.05 ദശലക്ഷം ബെയില്‍ പരുത്തി കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് 5.5 ദശലക്ഷം ബെയില്‍ കയറ്റി അയച്ചു. 323 കോടി ഡോളര്‍ പ്രതിവര്‍ഷം വിദേശ നാണ്യം നേടുന്നു. ചൈനയ്ക്കു തൊട്ടുപിന്നാലെ പരുത്തി ഉത്പാദന രംഗത്ത് രണ്ടാംസ്ഥാനം നാം കരസ്ഥമാക്കിയിരിക്കുന്നു.
കീടനാശിനികള്‍ക്ക് പകരം ഇവയുടെതന്നെ സ്വഭാവ വിശേഷങ്ങളുള്ള കളകളെ നശിപ്പിക്കുവാന്‍ റൌണ്ടപ്പ് പോലുള്ള മാരക വിഷങ്ങള്‍ പ്രയോഗിക്കുന്നില്ലെ?
2009 സപ്തംബറില്‍ ജി.ഇ.എ.സി. അനുമതി ലഭിച്ച ബി.ടി. വഴുതിന 2006-2009 ല്‍ നടത്തിയ പഠനങ്ങളില്‍ സുരക്ഷിതവും കീടങ്ങളോട് മികച്ച പ്രതിരോധം പുലര്‍ത്തുന്നതും ഉത്പാദന മികവു പുലര്‍ത്തുന്നതുമാണ് എന്ന് കാണുന്നു.
ഇത്തരം ബിടി വഴുതന എത്രപേര്‍ ഭക്ഷിച്ചു , അത് ആരെല്ലാം, ദിനംപ്രതി എത്രഗാം വീതം ഭക്ഷിച്ചു തുടങ്ങിയ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? മൂന്നു കൊല്ലത്തെ പഠനം മതിയാകുമോ ഇവയുടെ അംഗീകാരത്തിന്?
ജി.എം. വിളകളുടെ ഉപയോഗം രാജ്യത്തിന്റെ ദീര്‍ഘകാല ഭക്ഷ്യസുരക്ഷയുടെ പശ്ചാത്തലത്തില്‍ വേണം ചര്‍ച്ച ചെയ്യാന്‍. 2050-ല്‍ ഇന്ത്യയില്‍ 105 കോടി ജനങ്ങളുണ്ടാകും. അരിയിലും ഗോതമ്പിലും മാത്രമല്ല പയര്‍വര്‍ഗങ്ങളിലും ഭക്ഷ്യ എണ്ണകളിലും പച്ചക്കറികളിലും ഫലങ്ങളിലും വന്‍ ഉത്പാദന വര്‍ധന ആവശ്യമായിവരും. പരിമിതികളും കോട്ടങ്ങളും പലതുമുണ്ടെങ്കിലും ഇന്ന് രാജ്യം ഭക്ഷ്യക്ഷാമത്തിന്റെയും ആഭ്യന്തര കലാപത്തിന്റെയും ഭീഷണിയില്‍നിന്നു വലിയൊരു പരിധിവരെ രക്ഷനേടിയതില്‍ ഹരിതവിപ്ലവത്തിനു പങ്കുണ്ട്. ഹരിത വിപ്ലവത്തിനുള്ള ന്യൂനതകള്‍ പരിഹരിക്കുകയും കുറഞ്ഞ വിഭവങ്ങളില്‍നിന്നു കൂടുതല്‍ കാര്യക്ഷമതയോടെ കൂടുതല്‍ ഉത്പാദനം നടത്തുകയും ചെയ്യുന്ന സങ്കേതങ്ങള്‍ വികസിപ്പിക്കാതെ ഈ വെല്ലുവിളി ഏറ്റെടുക്കാനാവില്ല. കൂടുതല്‍ വനഭൂമി വിളഭൂമി യാക്കാതെയും കീടനാശിനികളുടെയും സിന്തെറ്റിക് വളങ്ങളുടെയും ഉപയോഗം കുറച്ചും കര്‍ഷകര്‍ക്ക് അഭിവൃദ്ധിയുളവാക്കുന്ന നൂതന സങ്കേതങ്ങള്‍ (ജി.എം.ഉള്‍പ്പെടെ) തീര്‍ത്തുംത്യജിക്കുന്നത് അപകടമാണ്.
ഹരിതവിപ്ലവത്തിന് പരിമിതികളും കോട്ടങ്ങളും ഉണ്ടെന്ന് അന്‍പത് വര്‍ഷങ്ങള്‍ക്ക്ശേഷം താങ്കള്‍ പറയുന്നു. ജീ.എം വിളകളടെ ദോഷവശങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചാവിഷയമാണ്. പല പഠനങ്ങളും സൈറ്റുകളില്‍ സുലഭവും ആണ്. അവയൊന്നും താങ്കള്‍ കാണുന്നില്ലെ? കര്‍ഷകര്‍ക്ക് അഭിവൃദ്ധി ന്യായവിലയിലൂടെയാണ് ഉറപ്പാക്കേണ്ടത് അല്ലാതെ അവന്റെ കൃഷിയിടത്തെ കുട്ടിച്ചോറാക്കിയല്ല.
ജനിതക മാറ്റ സാങ്കേതിക വിദ്യയുള്‍പ്പെടെ എല്ലാകാര്‍ഷിക സാങ്കേതിക വിദ്യകളും ഗുണദോഷ സമ്മിശ്രമാണ്. ഏതു വിത്തും കീടനാശിനിയും പ്രയോഗശേഷം ഫലങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലും പഠനത്തിലും ഇരിക്കണം എന്നപോലെ ജി.എം.വിളകളും വിത്തുകളും ജൈവ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്തേണ്ടതുണ്ട്. മൊത്ത ഗുണ-ദോഷ ബാക്കി പത്രം വിളയുടെ ഉത്പാദനക്ഷമതയും പരിസ്ഥിതി ജൈവ സുരക്ഷയും പരിഗണിച്ച് ഗുണകരമാണെങ്കില്‍ മാത്രമേ വ്യാപകമായ കൃഷിക്ക് അനുവദിക്കുകയുള്ളൂ. ഇന്ത്യയില്‍ ജൈവ സാങ്കേതിക വിദ്യാവകുപ്പാണ് (ഡി.ബി.ടി.) ഇതിനുള്ള നോഡല്‍ ഏജന്‍സി.
പഞ്ചഭൂതങ്ങളെയും മലിനപ്പെടുത്തുവാന്‍ കഴിയുന്ന ജി.എം വിളകളേക്കാള്‍ മണ്ണിലെ മൈക്രോന്യൂട്രിയന്‍സിന്റെ സന്തുലിതാവസ്ഥ പരിപാലിച്ചാല്‍ത്തന്നെ ജൈവകൃഷിയിലൂടെ വരുംതലമുറയെ നമുക്ക് സംരക്ഷിക്കാം. ക്ഷീരോത്പാദനവും അതിലൂടെ വര്‍ദ്ധിപ്പിക്കാം.
പുതിയ ജൈവവിളകളില്‍ പാലിക്കേണ്ട ജൈവ സുരക്ഷാമാനദണ്ഡങ്ങള്‍ 1990-ല്‍ ഡി.ബി.ടി. പ്രസിദ്ധപ്പെടുത്തുകയും ഇവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

പഠനങ്ങള്‍ പറയുന്നത്


ജി.എം.വിളകളുടെ വിളഫലങ്ങള്‍ പ്രധാനപ്പെട്ട ഗവേഷണ ജേര്‍ണലുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. 2007-ല്‍ ചോളം, സോയാബീന്‍, പരുത്തി, കനോള എന്നീ വിളകളുടെ ഉത്പാദനം 32 ദശലക്ഷം മെട്രിക് ടണ്ണാണ് വര്‍ധിച്ചത്. ജി.എം.സാങ്കേതിക വിദ്യ കൂടാതെ ഇതിന് കുറഞ്ഞത് 10 ദശലക്ഷം ഹെക്ടര്‍ അധികം സ്ഥലം വേണ്ടിവന്നേനെ. ഇത്രയും കൂടുതല്‍ ഭൂമി കൃഷിയിടമാക്കിയാലുണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുത്താല്‍ ജി.എം. വിളകളുടെ പ്രധാനഗുണം വ്യക്തമാകും. ജി.എം. വിളകള്‍ പ്രചാരത്തിലായതിനാല്‍ 43 ദശലക്ഷം ഹെക്ടര്‍ ഇക്കാലത്ത് വനഭൂമിയായി സംരക്ഷിച്ചുവരുന്നുണ്ട്.
തെറ്റായ ഈ ഉത്പാദന വര്‍ദ്ധനയെയാണ് ന്യൂട്രിയന്റ് മൈനിംഗ് എന്ന് പറയുന്നത്. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട മേല്‍മണ്ണ് സംരക്ഷണം അനിവാര്യമാണ്.
കര്‍ഷകര്‍ ബി.ടി.പരുത്തി വ്യാപകമായി സ്വാഗതം ചെയ്തുകഴിഞ്ഞു. കീടനാശിനിയുടെ ഉപയോഗം കുറയ്ക്കുക വഴി പ്രതിഹെക്ടര്‍ 225 ഡോളര്‍ വരെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടായതായാണ് കണക്ക് (2002-2005 വരെ). ദേശീയ പഠനങ്ങളില്‍ 31 ശതമാനം ഉത്പാദന വര്‍ധനയുണ്ടായതായും കീടനാശിനി ഉപയോഗം 39 ശതമാനം കുറഞ്ഞതായും പ്രതികര്‍ഷകലാഭം 88 ശതമാനം വര്‍ധിച്ചതായും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കണക്കുകള്‍ കാണിക്കുന്നു.
വിദര്‍ഭയിലെയും മറ്റും കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ താങ്കള്‍ അറിഞ്ഞില്ലെ?
ലെമാക്‌സ് പി.ജി. (2008-ല്‍) നടത്തിയ പഠനങ്ങളില്‍ (Genetically engineered plants and foods: A scientists Analysis of Issues, Annual Review of Plant Biology 59:771-812)ജി.എം.വിളകള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് അചിന്തനീയമായ ദുരന്ത പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന വാദഗതിക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല എന്ന് ഉദാഹരണസഹിതം സ്ഥാപിക്കുന്നു. 2002ല്‍ 'മൊണാര്‍ക്ക്' ചിത്രശലഭത്തിന്റെ ലാര്‍വകള്‍ ജി.എം. വിളകള്‍ ഭക്ഷിച്ചു ചത്തൊടുങ്ങുന്നു എന്ന ഗവേഷണഫലം നേച്വര്‍ പ്രസിദ്ധീകരിച്ചതും തുടര്‍ന്നു നടത്തിയ പരീക്ഷണങ്ങളില്‍ അബദ്ധമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ജി.എം. വിളകള്‍ കഴിച്ച് ആടുകള്‍ ചത്തതായി ആന്ധ്രയില്‍ നിന്നു വന്ന റിപ്പോര്‍ട്ടുകളും വ്യാജമാണെന്നു തെളിഞ്ഞു.
ആന്ധ്രയില്‍ ജി.എം വിളകള്‍ ബക്ഷിച്ച് ആട്മാടുകള്‍ ചത്തതായുള്ള പഠനറിപ്പോര്‍ട്ടുകള്‍ താങ്കള്‍ കണ്ടതേ ഇല്ല അല്ലെ?
ജി.എം. വിത്തുകളിലെ സന്നിവേശ ജീനുകള്‍ സ്​പീഷിസ് തന്നെ മറികടന്നു മറ്റു വിളകളെ ജനിതക മലിനീകരിക്കും എന്ന വാദത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ല. ഒരേ സ്​പീഷീസില്‍ ജീനുകള്‍ സംക്രമിക്കാമെങ്കിലും അല്പമെങ്കിലും വ്യത്യാസപ്പെട്ട ണഹാല ട്യവരഹവീ ല്‍ ജി.എം. ജീനുകള്‍ എത്തിപ്പെടും എന്ന വാദത്തിന് ലബോറട്ടറി പരീക്ഷണങ്ങളില്‍പ്പോലും അനുകൂല ഫലങ്ങള്‍ കണ്ടിട്ടില്ല. എന്നു മാത്രമല്ല, ജനിതക വിളയില്‍ സന്നിവേശിപ്പിച്ച 'ട്രാന്‍സ് ജീന്‍' മനുഷ്യ ഉപയോഗത്തിന് അനുയോജ്യ മാക്കിയതിനാല്‍ അത് പരിസ്ഥിതിയില്‍ തുടരുന്നതില്‍ അപകടമില്ല. ജീനുകള്‍ സ്​പീഷിസ് വിട്ടു സംക്രമിപ്പിക്കാന്‍ ലബോറട്ടറിയില്‍തന്നെ പ്രത്യേക സംവിധാനം ആവശ്യമാണ്.
ഒരു ജീന്‍ സന്നിവേശിപ്പിച്ചാല്‍ അത് മനുഷ്യനുണ്ടാകുന്ന രോഗങ്ങള്‍ക്ക് പരിഹാരമാകില്ല. മണ്ണിലെ സന്തുലിതമായ മൂലകങ്ങള്‍ മണ്ണിന്റെ ആരോഗ്യം മാത്രമല്ല മനുഷ്യന്റെയും പക്ഷിമൃഗാദികളുടെയും സസ്യലതാദികളുടെയും ആരോഗ്യം സംരക്ഷിക്കും എന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.
ജനിതക വിളകള്‍ ഒരുതരം 'ഫ്രാങ്കന്‍സ്റ്റെയിന്‍' ഭീകരന്മാരാണെന്നും അവ മനുഷ്യരാശിയുടെയും ജൈവവൈവിധ്യത്തിന്റെയും അന്തകരാണെന്നും മറ്റുമുള്ള പ്രചാരണത്തിന് അന്ധമായ മൗലികവാദത്തിന്റെ സ്വഭാവമാണുള്ളത്. അതുപോലെ പ്രത്യേക വിളകളില്‍ കൃത്യമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ജീന്‍സംക്രമണം ഭക്ഷ്യ സുരക്ഷയെയും കര്‍ഷകരുടെ അവകാശത്തെയും മൊത്തമായി കവരും എന്ന വാദത്തിനും അടിസ്ഥാനമില്ല. ജി.എം. വിത്തുകള്‍ ചില കമ്പനികള്‍ വില്ക്കുന്നതുപോലെ ബ്രീഡിങ്-ജി.എം. വിത്തുകള്‍ പൊതു സംവിധാനത്തിലും ലഭ്യമാക്കാന്‍ നടപടികളെടുക്കുകയാണ് വേണ്ടത്.
കമ്പനികള്‍ ഇതില്‍നിന്നു ലാഭമുണ്ടാക്കുന്നത് ഒരു പ്രത്യയശാസ്ത്ര പ്രശ്‌നമാണെങ്കില്‍ പൊതുമേഖലയിലുള്ള ഏജന്‍സികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താവുന്നതാണ്. ഏതാനും ജി.എം.വിത്തിനങ്ങള്‍ അനുവദിച്ചാല്‍ പൊതുമേഖലയിലെ എല്ലാ വിത്തുഗവേഷണവും പ്രചാരണവും അവസാനിക്കും എന്നര്‍ഥമില്ല. ഇതിന് പൊതുസ്ഥാപനങ്ങളുടെ ഗവേഷണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടത്. മാത്രവുമല്ല പുതിയ സാങ്കേതികവിദ്യകള്‍ തീര്‍ത്തും അവഗണിച്ചു നിന്നാല്‍ ഇതര സ്ഥലങ്ങളില്‍ ലഭ്യമായ വിത്തിനങ്ങള്‍ കര്‍ഷകര്‍ നിയമം നോക്കാതെ കേരളത്തിലും നിഷ്പ്രയാസം പരീക്ഷിക്കാനും സാധ്യതയുണ്ട്.
നമ്മുടെ തനതായ നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിച്ച് സാങ്കേതികവിദ്യയുടെ സഹായത്താല്‍ മണ്ണിന്റെ ജൈവ സമ്പുഷ്ടിയും ജീവാണുക്കളും വര്‍ദ്ധിപ്പിച്ച് ശുദ്ധവായുവും, ശുദ്ധജലവും ലഭ്യമാക്കുവാനുള്ള നടപടികളാണ് വേണ്ടത്. വര്‍ഷങ്ങളായല്ലോ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ ജി.എം റബ്ബര്‍ പരീക്ഷിക്കുന്നു. ജൈവകൃഷിചെയ്യുന്ന ആര്‍ആര്‍ഐഐ 105 ക്കാള്‍ വിളവ് അതിന് നല്‍കാന്‍ കഴിയുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
പുതിയ സാങ്കേതികവിദ്യകള്‍ തീര്‍ത്തും അവഗണിച്ചു നിന്നാല്‍ ഇതര സ്ഥലങ്ങളില്‍ ലഭ്യമായ വിത്തിനങ്ങള്‍ കര്‍ഷകര്‍ നിയമം നോക്കാതെ കേരളത്തിലും നിഷ്പ്രയാസം പരീക്ഷിക്കും എന്നത് തെറ്റായ ചിന്ത അല്ലെ? കാരണം ഓരോ പ്രാവശ്യം കൃഷി ചെയ്യുവാനും പുതിയ വിത്തുകള്‍ വേണമെന്നുമാത്രമല്ല വിദ്യാസമ്പന്നരായ കേരളീയര്‍ക്ക് അതിന്റെ ദോഷവും കൂടുതല്‍ അറിയാവുന്നത് നിഷേധിക്കാന്‍ കഴിയില്ല.
ഇത്തരം കൃഷി നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. ബി.ടി. വിളകള്‍ തിരിച്ചറിയാന്‍ കഴിയുന്നതല്ല.ജൈവ കൃഷിയുമായി ഏറെ അടുത്തു നില്ക്കുന്ന സാങ്കേതികവിദ്യയാണ് ജി.എം. വിളകള്‍. ജൈവ കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്ന പ്രത്യേക നെല്‍വിളകളായ ഞവര, പൊക്കാളി ഇനങ്ങളുടെ പ്രത്യേക സ്വഭാവങ്ങള്‍ ജനിതക കോഡില്‍ കണ്ടെത്തി വേര്‍തിരിച്ച് മുന്‍നിര നെല്ലിനങ്ങളില്‍ സംക്രമിച്ച് ഈ ഇനങ്ങള്‍ പരിസ്ഥിതിയില്‍ പ്രകടിപ്പിക്കുന്ന പ്രത്യേക ഗുണവിശേഷങ്ങള്‍ പ്രചരിപ്പിച്ച് ഉത്പാദകന് കൂടുതല്‍ മൂല്യം നേടുന്ന ഗവേഷണത്തില്‍ ശ്രദ്ധയൂന്നുകയാണ് കേരളം ചെയ്യേണ്ടത്.
ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് ശരിയായ പഠനങ്ങളും, ഗവേഷണങ്ങളും അവയെപ്പറ്റിയുള്ള വിലയിരുത്തലുകളും ദോഷഫലങ്ങളും കര്‍ഷകര്‍ തിരിച്ചറിയുന്ന വിവര സാങ്കേതിക വിദ്യയുടെ കാലമാണിത്.
ജൈവ കൃഷിയുടെ വിപണനക്കാരുടെ സര്‍ട്ടിഫിക്കേഷന്‍ ശൃംഖലക്കാര്‍ക്കാണ് ജി.എം. വിളകളോടു വിരോധം. ജൈവ വിളകള്‍ക്ക് ചുറ്റും ശാസ്ത്രത്തേക്കാള്‍ ഒരു 'മതം' സൃഷ്ടിച്ച് സാമ്പത്തിക ലാഭം കൊയ്യുന്ന വിദേശീയരും തദ്ദേശീയരുമായ ശൃംഖലകളുടെ താത്പര്യമാണ് ഇതിലുള്ളത്. ഈ നിബന്ധനകള്‍ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനല്ല മറിച്ച് കയറ്റുമതി ലാഭം ലാക്കാക്കുന്ന ജൈവ വിള മേഖലയുടെ പ്രത്യേക താത്പര്യം സംരക്ഷിക്കാനാണ്.
ലോകമെമ്പാടും ജൈവ ഉല്പന്നങ്ങളുടെ മേന്മയും ആവശ്യകതയും വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചനയായി കണക്കാക്കുന്നതല്ലെ നല്ലത്?
ഈ 'മത' നിഷ്ഠകളില്‍പ്പെട്ടു കഷ്ടപ്പെടുന്ന ജൈവവിളകള്‍ ഒറ്റയ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് വിശ്വസിക്കാനാവില്ല. പ്രധാനപ്പെട്ട ഒരു ഉപമേഖലയായി ജൈവ ഉത്പാദനം നിലനില്ക്കുമെന്നേയുള്ളൂ. അത് പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
ഈ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ചശേഷമാണ് കാര്‍ഷിക ബയോടെക്‌നോളജി കമ്മീഷന്‍ (സ്വാമിനാഥന്‍ കമ്മീഷന്‍) ജൈവ സാങ്കേതിക വിളകള്‍ക്ക് അനുമതി നല്കാന്‍ ദേശീയ റെഗുലേറ്ററി കമ്മീഷന്‍ രൂപവത്കരിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഈ വസ്തുതകള്‍ മാറ്റിവെച്ചാണ് കേരള ജൈവ വൈവിധ്യ ബോര്‍ഡ് ജി.എം. വിളകള്‍ക്ക് പൂര്‍ണമായ ഭ്രഷ്ട് കല്പിച്ചിരിക്കുന്നത്. കേരളം ചെയ്യേണ്ടത് രാജീവ്ഗാന്ധി സെന്ററിലും കാര്‍ഷിക സര്‍വകലാശാലയിലും ബയോടെക്‌നോളജി ഗവേഷണ സൗകര്യം വിപുലീകരിച്ച് കേരളത്തിന്റെ പ്രധാന വിളകളില്‍ പരിസ്ഥിതിക്കു ഗുണകരമായ ജി.എം. സാങ്കേതികവിദ്യകള്‍ ഗവേഷണം വഴി വികസിപ്പിക്കുകയാണ്. ജി.എം. വിളകള്‍ ഗുണകരമോ ദോഷകരമോ ആകുന്നത് വിളയും ഫലവും പരിസ്ഥിതിയിലുണ്ടാകുന്ന ഫലങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്.
കേരളകാര്‍ഷിക സര്‍വ്വകലാശാലയും ബയോടെക്നോളജി സൌകര്യങ്ങള്‍ ഉപയോഗിച്ച് മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനുള്ള മാര്‍ഗങ്ങളാണാ് കണ്ടെത്തേണ്ടത്. ജിഎം വിളകളുടെ ദോഷഫലങ്ങള്‍ വെബില്‍ പരതിയാല്‍ ധാരാളം ലഭ്യമാണ്.
ലോകത്തിലെ 26 രാജ്യങ്ങള്‍ വിജയകരമായി പരീക്ഷിക്കുന്ന ഒരു സാങ്കേതികവിദ്യ വേണ്ടന്നു വെക്കുന്നത് നിയന്ത്രിത പരീക്ഷണങ്ങളുടെയും ശാസ്ത്രീയ പഠനങ്ങളുടെയും അടിസ്ഥാനത്തിലാവണം. ഉത്തരവാദിത്വം കുറഞ്ഞ ആക്ടിവിസത്തിന്റെ വാദഗതികള്‍ക്കു മുന്നില്‍ ഒരു സാങ്കേതിക വിദ്യയെയാകെ നിരസിക്കുന്നത് ഭാവിയില്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
ജി.എം വിളകളുടെ പ്രചാരകര്‍ക്ക് അവ ഭക്ഷിച്ച് സ്വയം ഗുണദോഷഫലങ്ങള്‍ മനസിലാക്കാവുന്നതും അതിന് ശേഷം മാത്രം പ്രചരിപ്പിക്കാവുന്നതുമാണ്. കീടനാശിനികള്‍ പച്ചകക്കറികളിലൂടെയും ഫലവര്‍ഗങ്ങളിലൂടെയും ഭക്ഷിച്ച് ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ കാരണം ചരമമടഞ്ഞ ശാസ്ത്രജ്ഞരുള്‍പ്പെടെ നമ്മുടെ മുന്നില്‍ ഒരു വന്‍ നിരതന്നെയുണ്ട്. ജൈവകര്‍ഷകര്‍ക്ക് പ്രോത്സാഹനത്തിന് ആ ഒരറിവ് മാത്രം മതി.

(അഭിപ്രായങ്ങള്‍ വ്യക്തിപരം. പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ് ലക്ഷ്യം)

കടപ്പാട് - മാതൃഭൂമി 21-01-10

1 അഭിപ്രായം:

  1. Do you know more than 90% of the farmers, scientists and people who participated in the public consultations on Bt brinjal happening in India are of your opinion. So dont worry. K V Thomas has just demostrated his gross ignorance and feel for the trap of some scientists in the RGBC and KAU thats all..

    sridhar

    മറുപടിഇല്ലാതാക്കൂ