തിങ്കളാഴ്‌ച, ജൂലൈ 18, 2011

എയറോബിക് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം


ഡോ. ഫ്രാന്‍സിസ് സേവ്യര്‍ കേരള വെറ്ററിനറി കാര്‍ഷിക സര്‍വ്വകലാശാലയിലെ  പ്രൊഫസര്‍ ആണ്. പ്രസിദ്ധമായ തുമ്പൂര്‍മുഴി പ്രോജക്ടിന്റെ ശില്പിയാണ്.


പൂന്തോട്ടംപോലെ മാലിന്യ സംസ്കരണ പ്ളാന്റ്



തൃശൂര്‍: കണ്ണംകുളങ്ങരയിലെ 'സിഡ്ബി ഫ്ളാറ്റിന്റെ മുറ്റത്തെ മാലിന്യ സംസ്കരണ പ്ളാന്റ് 'മുറ്റത്തെ മണമുള്ള മുല്ലപോലെയാണ്. ദുര്‍ഗന്ധമോ, കാഴ്ചയിലെ വൃത്തികേടോ ഈ സംസ്കരണ പ്ളാന്റിനില്ല. അടുക്കളമുറ്റത്തോ, ഫ്ളാറ്റിനു പുറകിലോ പണിയുന്നതിനു പകരം ഫ്ളാറ്റിന്റെ കവാടത്തിനരികില്‍ തന്നെയാണ് ഇവിടെ മാലിന്യ സംസ്കരണ പ്ളാന്റ് പണിതത്. മാലിന്യം ഫലപ്രദമായി സംസ്കരിച്ചു വളമാക്കുന്നതോടൊപ്പം മനം കുളിര്‍പ്പിക്കുന്നൊരു കാഴ്ചകൂടിയാണ് ഇവിടെ സ്ഥാപിച്ച 'എയറോബിക് വേയ്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം. പ്ളാന്റിനു മുകളിലൂടെ പാഷന്‍ ഫ്രൂട്ട് മരത്തിന്റെ വള്ളികള്‍ പടര്‍ന്നുകിടക്കുന്നുണ്ട്.

ഒറ്റനോട്ടത്തില്‍ ഒരു പൂന്തോട്ടമാണെന്നേ തോന്നൂ. ഗ്രീന്‍ ഗാരിസണ്‍ എന്ന ഏജന്‍സിയാണ് ഈ പ്ളാന്റ് നിര്‍മിച്ചു നല്‍കിയത്. ഫെറോ സിമന്റുകൊണ്ടു നിര്‍മിച്ച രണ്ടു യൂണിറ്റുകളാണ് പ്ളാന്റിനുള്ളത്. ഒരു മേല്‍ക്കൂരയും പണിതിട്ടുണ്ട്. ഒരു യൂണിറ്റില്‍ ആയിരം കിലോ മാലിന്യം ശേഖരിക്കാം. ദിവസവും ബാക്ടീരിയ കള്‍ചറോ, ചാണകമോ യൂണിറ്റില്‍ സ്പ്രേ ചെയ്യണം. പ്ലാന്റ് നിറഞ്ഞു കഴിഞ്ഞാല്‍ 50 മുതല്‍ 90 വരെ ദിവസങ്ങള്‍ക്കുള്ളില്‍ മാലിന്യം ജൈവവളമായി മാറും. ഫ്ളാറ്റിലെ ഒാരോ വീട്ടിലും പ്ളാസ്റ്റിക് മാലിന്യം വേര്‍തിരിച്ചു ശേഖരിക്കുന്നുണ്ട്. പ്ളാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ പ്ളാന്റില്‍ നിക്ഷേപിച്ചാണു വളം ഉല്‍പാദിപ്പിക്കുന്നത്.

മാലിന്യം ഇടയ്ക്ക് ഇളക്കിക്കൊടുക്കേണ്ട ആവശ്യമില്ല, ദുര്‍ഗന്ധത്തിന്റെ ഉപദ്രവമില്ല എന്നിവയാണ്
ഈ സംവിധാനത്തിന്റെ പ്രത്യേകതകള്‍. 55 മുതല്‍ 70 വരെ ഡിഗ്രി സെല്‍ഷ്യസാണ് ഈ യൂണിറ്റിനകത്തെ ചൂട്. അതിനാല്‍ രോഗാണുക്കള്‍ വളരാനുള്ള സാധ്യത വളരെ കുറവാണ്. 1000 കിലോഗ്രാം വരെ മാലിന്യം ഒരു യൂണിറ്റില്‍ ശേഖരിക്കാം. ശരാശരി 400 കിലോ ഗ്രാം വരെ ജൈവവളം ഇതില്‍നിന്നു ലഭിക്കും. ഒരു കിലോ ജൈവവളത്തിന് വിപണയില്‍ ഏകദേശം 10 രൂപ വിലയുണ്ട്.

കേരള വെറ്ററിനറി സര്‍വകലാശാലയിലെ പ്രഫ. ഫ്രാന്‍സിസ് സേവ്യറാണ് എയറോബിക് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന ഈ സംസ്കരണ രീതി ആവിഷകരിച്ചത്. പ്ളാന്റ് സ്ഥാപിക്കാനുള്ള ചെലവ് ഫ്ളാറ്റ് നിവാസികള്‍ എല്ലാവരും ചേര്‍ന്നു വഹിക്കുകയായിരുന്നെന്നു ഫ്ളാറ്റ് ഉടമ എ.എ. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. പ്ളാന്റിന്റെ പരിചരണത്തിനും മറ്റുമായി ഒരു ജോലിക്കാരിയുമുണ്ട്. നാലു മാസംകൊണ്ട് ഇവിടെ ആദ്യ യൂണിറ്റില്‍ മാലിന്യം നിറഞ്ഞുകഴിഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ ഈ മാലിന്യം ഇനി വളമായി മാറും. അതുവരെ മാലിന്യം രണ്ടാമത്തെ യൂണിറ്റില്‍ ഇടും. Courtesy: Manorama
Waste+State

1 അഭിപ്രായം: