വെള്ളിയാഴ്‌ച, മാർച്ച് 25, 2011

കര്‍ഷകത്തൊഴിലാളികള്‍ പതിനാറ് ലക്ഷം; കൃഷിപ്പണിക്ക് ആളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കണക്കുപ്രകാരം കര്‍ഷകത്തൊഴിലാളികള്‍ പതിനാറ് ലക്ഷത്തിലധികം. കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നതാകട്ടെ അധികവും അന്യസംസ്ഥാന തൊഴിലാളികളും. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യഥാര്‍ഥ കര്‍ഷകരായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. അനര്‍ഹമായി അംഗത്വം നേടിയതാണ് ഇതിലധികവും.

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമാകാന്‍ ഏതെങ്കിലും അംഗീകൃത കര്‍ഷകസംഘടനയുടെ സാക്ഷ്യപത്രം മതി. സര്‍ക്കാര്‍തലത്തില്‍ പിന്നീട് കാര്യക്ഷമമായ അന്വേഷണമുണ്ടാകാറില്ല. രാഷ്ട്രീയപ്പാര്‍ട്ടികളാണ് പ്രധാനമായും അനര്‍ഹരെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തിരുകിക്കയറ്റുന്നത്.

കര്‍ഷകത്തൊഴിലാളികളില്‍ സ്ത്രീകളും ധാരാളമുണ്ട്. അര്‍ഹതയുള്ള നിരവധി കര്‍ഷകത്തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.പലതരത്തിലുള്ള ആനുകൂല്യങ്ങളാണ് ക്ഷേമനിധിയുടെ ആകര്‍ഷണം. വിവാഹത്തിന് രണ്ടായിരം രൂപ, പ്രസവത്തിന് ആയിരം രൂപ, അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ചികിത്സാ സഹായം, അറുപതുകഴിഞ്ഞാല്‍ പെന്‍ഷന്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പും സഹായവും വേറെയും.

അംഗങ്ങളുടെ ബാഹുല്യംകാരണം ആനുകൂല്യങ്ങളും പരിമിതപ്പെടുത്തി. ഇതുകാരണം യഥാര്‍ഥ കര്‍ഷത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാറുമില്ല. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നിരവധിയാണ്. കോടിക്കണക്കിന് രൂപ വര്‍ഷംതോറും ഇതിനായി സര്‍ക്കാര്‍ നീക്കിവെക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും യഥാര്‍ഥ കര്‍ഷകത്തൊഴിലാളികളിലേക്ക് എത്താറില്ല.

തോട്ടംമേഖലയിലടക്കം കേരളത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ബംഗാള്‍, ഒറീസ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് അധികവും. ഏജന്‍സികള്‍വഴിയാണ് കൃഷിപ്പണിക്ക് കേരളത്തില്‍ ആളെ എത്തിക്കുന്നത്.
കടപ്പാട് - മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ