വെള്ളിയാഴ്‌ച, ഏപ്രിൽ 17, 2009

തിരുവനന്തപുരം നഗരത്തില്‍ വോട്ടിംഗ് ശതമാനം കുറവ്


അനന്തപുരി അവധി ആഘോഷിച്ചു; പോളിംഗ്‌ ശതമാനം ഇടിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ പോളിംഗ്‌ ശതമാനം ഗണ്യമായി കുറഞ്ഞതു രാഷ്‌ട്രീയ പാര്‍ട്ടികളുടെ കണക്കൂ കൂട്ടല്‍ തെറ്റിച്ചു.

സംസ്‌ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗാണ്‌ തിരുവനന്തപുരത്തേത്‌. നഗരത്തിലെ 60 ശതമാനത്തിലേറെ സമ്മതിദായകര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ഇത്‌ സംസ്‌ഥാനത്തെ ശരാശരി പോളിംഗ്‌ ശതമാനം കുറയാന്‍ ഇടയാക്കി.

മണ്ഡലത്തിലെ പകുതിയോളം പേര്‍ വിട്ടുനിന്നത്‌ ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ പ്രമുഖ രാഷ്‌ട്രിയ പാര്‍ട്ടികള്‍. മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലെ വോട്ടിംഗ്‌ രീതിയിലെ മാറ്റവും രാഷ്‌ട്രീയകക്ഷികളെ ചിന്താക്കുഴപ്പത്തിലാക്കുന്നു. മണ്ഡലത്തില്‍ കൂടുതലായുള്ള മദ്ധ്യവര്‍ഗക്കാരുടെ വിട്ടുനില്‍ക്കലാണ്‌ തിരുവനന്തപുരത്ത്‌ സംഭവിച്ചിരിക്കുന്നതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.

നഗരം ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം മണ്ഡലത്തിലാണ്‌ ഏറ്റവും കുറഞ്ഞ പോളിംഗ്‌. തിരുവനന്തപുരം മണ്ഡലത്തില്‍ മൊത്തം വോട്ടര്‍മാരുടെ മൂന്നിലൊന്നു മാത്രമാണ്‌ ഇന്നലെ പോളിംഗ്‌ സ്‌റ്റേഷനുകളിലെത്തിയത്‌.

പതിവിനു വിരുദ്ധമായി, നഗരത്തിലെ ബൂത്തുകളില്‍ വോട്ടിംഗിന്റെ തുടക്കത്തിലുണ്ടായ തിരക്ക്‌ തുടര്‍ന്നുള്ള സമയങ്ങളില്‍ ദൃശ്യമായില്ല. ഉച്ചയ്‌ക്കുശേഷമോ, വൈകിട്ടോ അനുഭവപ്പെടുന്ന തിരക്ക്‌ ഇത്തവണയുണ്ടായില്ല. സര്‍ക്കാര്‍ - സ്വകാര്യ ജീവനക്കാരും ഉന്നത ഉദ്യോഗസ്‌ഥരും കൂടുതലായുള്ള മണ്ഡലമാണിത്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ നീണ്ട അവധിയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കു തുടര്‍ച്ചയായി അവധി ദിവസങ്ങളും ലഭിച്ചതാണ്‌ പലരും വിട്ടുനില്‍ക്കാന്‍ കാരണം.

മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയിലെ അടിയൊഴുക്ക്‌, യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയോട്‌ ഡി.സി.സിയുടെ നിസഹകരണം, ബി.ജെ.പിയുടെ വര്‍ദ്ധിത വീര്യം, നീലന്‌ നാടാര്‍മാരിലുള്ള സ്വാധീനം, ബി.എസ്‌.പിയുടെ ജനകീയ അടിത്തറ, പി.ഡി.പിയുടെ നിസഹകരണം തുടങ്ങിയ നിരവധി ഘടകങ്ങളിലേക്ക്‌ ചര്‍ച്ച നീണ്ടിട്ടുണ്ട്‌.
കടപ്പാട് - മംഗളം
കണക്കുകൂട്ടലുകള്‍ പൂര്‍ത്തിയാവാത്ത തിരുവനന്തപുരത്ത് 67.17 % പോളിംഗ് നടന്നതായി (കൃത്യമായ കണക്കുകള്‍ക്ക് ഈ ലിങ്ക് അമര്‍ത്തുക) 17-04-09 ന് രാവിലം 5 മണിക്ക് ലഭ്യമാണ്.
പൂര്‍ണരൂപത്തില്‍ വോട്ടിംഗ് ശതമാനം 140 മണ്ഡലങ്ങളിലേയും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ജില്ലയുടെ വോട്ടിംഗ് വിവരങ്ങള്‍.

വ്യാഴാഴ്‌ച, ഏപ്രിൽ 09, 2009

ഫണ്ടിലുള്ളത്‌ 4.28കോടി, വാങ്ങുന്നത്‌ 16 വാഹനങ്ങള്‍

തിരുവനന്തപുരം: സ്‌കൂള്‍ക്കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി നീക്കിവെച്ച പണമെടുത്ത്‌ വിദ്യാഭ്യാസ വകുപ്പ്‌ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. 16 വാഹനങ്ങളാണ്‌ പുതിയതായി വാങ്ങുന്നത്‌. ഡി.പി.ഐ.ക്കായി ഒരു ഇന്‍ഡിഗൊ കാറും സംസ്ഥാനത്തെ 14 വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഡി.പി.ഐ.യിലെ ഉച്ചഭക്ഷണ വിഭാഗത്തിനായും ഓരോ ടാറ്റാ സുമോയുമാണ്‌ വാങ്ങുക. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന്‌ മുന്നോട്ടുവെച്ച നിര്‍ദേശം ധനവകുപ്പ്‌ ഉദ്യാഗസ്ഥര്‍ എതിര്‍ത്തെങ്കിലും ധനമന്ത്രി പ്രത്യേക താത്‌പര്യമെടുത്ത്‌ അംഗീകരിക്കുകയായിരുന്നു.

1987-ല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കാന്‍ രൂപവത്‌കരിച്ച മുഖ്യമന്ത്രിയുടെ ഉച്ചഭക്ഷണ പരിപാടിയുടെ അക്കൗണ്ടില്‍ കിടന്ന പണമാണ്‌ വണ്ടി വാങ്ങാന്‍ എടുക്കുന്നത്‌. ഫണ്ടില്‍ 4.28 കോടി രൂപ ഇപ്പോഴുണ്ട്‌. മുഖ്യമന്ത്രിയുടെ പദ്ധതിയായിട്ടാണ്‌ ഇത്‌ വിഭാവനം ചെയ്‌തതെങ്കിലും പിന്നീട്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കാനുള്ള അരി കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കിത്തുടങ്ങി. ഇതോടെ സംസ്ഥാനത്ത്‌ രൂപവത്‌കരിച്ച ഫണ്ട്‌ ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക്‌ ഇതുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന മറ്റുചെലവുകള്‍ക്ക്‌ നല്‍കാനായി ഉപയോഗിച്ചുതുടങ്ങി. എങ്കിലും പണം മിച്ചം കിടക്കുകയായിരുന്നു. ഇതിനിടെ ഇങ്ങനെയൊരു ഫണ്ട്‌ ഉണ്ടെന്ന വസ്‌തുത വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍ നിന്ന്‌ മാഞ്ഞു.

ശ്രദ്ധിക്കപ്പെടാതെ കിടന്ന ഫണ്ടാണിതെന്നും അതിനാല്‍ വാഹനം വാങ്ങാന്‍ അനുവദിക്കണമെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. ഉച്ചഭക്ഷണ പരിപാടി ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലകളില്‍ വാഹനം വേണമെന്നായിരുന്നു ന്യായം. എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ കിടന്ന പണം സര്‍ക്കാരിലേക്ക്‌ മുതല്‍ക്കൂട്ടണമായിരുന്നുവെന്നും ഇത്‌ ചെയ്യാത്തതിന്‌ ഡി.പി.ഐ.യോട്‌ വിശദീകരണം ചോദിക്കണമെന്നുമായിരുന്നു ധനവകുപ്പിന്റെ ശുപാര്‍ശ. ഡി.പി.ഐ.യോട്‌ വിശദീകരണം ചോദിക്കണമെന്ന ശുപാര്‍ശ അംഗീകരിച്ച ധനമന്ത്രി വാഹനം വാങ്ങുന്നതിന്‌ അനുമതി നല്‍കുകയായിരുന്നു.

ഉച്ചഭക്ഷണ പരിപാടിക്കുള്ള പണമെടുത്ത്‌ വാഹനം വാങ്ങുന്നതിനോട്‌ വിദ്യാഭ്യാസ വകുപ്പില്‍ത്തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്‌. ഡി.ഡി.മാര്‍ക്കെല്ലാം ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ വാഹനം നല്‍കിയിട്ടുണ്ട്‌. ഇതിന്‌ പുറമെ ഈയാവശ്യത്തിനായി ഓരോ വാഹനം കൂടി നല്‍കുന്നത്‌ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതല ജില്ലകളില്‍ വഹിക്കുന്ന സീനിയര്‍ സൂപ്രണ്ടുമാര്‍ക്ക്‌ ഉപയോഗിക്കാനാണെന്ന്‌ കരുതുന്നു.

ഇപ്പോള്‍ എട്ടാം ക്ലാസുവരെയാണ്‌ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുന്നത്‌. കൂടുതല്‍ പണമുണ്ടെങ്കില്‍ ഒമ്പത്‌, പത്ത്‌ ക്ലാസുകള്‍ വരെ ഇത്‌ വ്യാപിപ്പിക്കണമെന്നും അല്ലെങ്കില്‍ സ്‌കൂളുകളുടെ പൊതുവായ പുരോഗതിക്ക്‌ ഇത്‌ പ്രയോജനപ്പെടുത്തണമെന്നുമാണ്‌ ആവശ്യം. ബജറ്റില്‍ അത്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ നടപ്പാക്കാനാകാതെ നില്‍ക്കുമ്പോഴാണ്‌ ഈ പണമെടുത്ത്‌ വാഹനം വാങ്ങുന്നത്‌.
Courtesy: Mathrubhumi

തിങ്കളാഴ്‌ച, ഏപ്രിൽ 06, 2009

ചെയ്യാത്ത ജോലിക്ക് കൂലികൊടുക്കണോ?

നോക്കുകൂലി: സിഐടിയുക്കാര്‍ സൈനികന്റെ വീട് ആക്രമിച്ചു
മണ്ണഞ്ചേരി: ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനു നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ സൈനികന്റെ വീട് ആക്രമിച്ചു. അക്രമികള്‍ സഹോദരനെയും തൊഴിലാളികളെയും മര്‍ദിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഉത്തരാഞ്ചലില്‍ ജോലി നോക്കുന്ന സൈനികന്‍ പുത്തന്‍ചന്ത ഇടനാവീട്ടില്‍ ദിലീപ് നിര്‍മിക്കുന്ന വീട്ടില്‍ ഇന്നലെ രാവിലെയായിരുന്നു ആക്രമണം.

ദിലീപിന്റെ സഹോദരനും സിഐടിയു ചെത്തുതൊഴിലാളിയുമായ ജയചന്ദ് മുഹമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണ്.ദിലീപിന്റെ വീടിന്റെ നിര്‍മാണം ആരംഭിച്ചിട്ട് ഒന്നര വര്‍ഷമായി. അടുത്ത ദിവസം ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലാണ്. ഇവിടേക്ക് ആവശ്യമായ ടൈലുകള്‍ ഇറക്കിയത് ദിലീപും ജയചന്ദും ചേര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസവും ടൈലുകള്‍ എത്തിച്ചിരുന്നു. ഇതറിഞ്ഞെത്തിയ സിഐടിയുക്കാര്‍ ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനടക്കം 4000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നത്രേ.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ സംഘം നോക്കുകൂലി നല്‍കാതെ പണിക്ക് ആളെ നിര്‍ത്തരുതെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവഗണിച്ചു ജോലിക്കെത്തിയ തൊഴിലാളി തുമ്പോളി സ്വദേശി ആന്റണിക്കും മര്‍ദനമേറ്റു. വീടിനുള്ളില്‍ കടന്നു സിഐടിയു സംഘം ആക്രമണം തുടങ്ങിയ ഉടന്‍ ആന്റണി ഓടി രക്ഷപ്പെടുകയായിരുന്നു. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു ദിലീപ് ആലപ്പുഴ നോര്‍ത്ത് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കടപ്പാട്- മനോരമ 6-04-09