തിങ്കളാഴ്‌ച, ജനുവരി 25, 2010

നോക്കുകൂലി: തീരുമാനം പ്രാവര്‍ത്തികമാക്കണം


തൊഴിലാളികള്‍ അന്യായമായി നോക്കുകൂലിയും മറ്റും വാങ്ങിയാല്‍ അത്‌ തിരികെ കൊടുപ്പിക്കുമെന്ന്‌ സി.ഐ.ടി.യു. സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരിക്കയാണ്‌. കഴിഞ്ഞദിവസം തൃശ്ശൂരില്‍ നടന്ന സി.ഐ.ടി.യു. സംസ്ഥാനസമ്മേളനത്തിലാണ്‌ ഈ തീരുമാനമുണ്ടായത്‌. നോക്കുകൂലി, ഭൂതപ്പണം, തൊഴില്‍ മറിച്ചുവില്‍ക്കല്‍ തുടങ്ങി തൊഴിലാളിവര്‍ഗത്തിനു ചീത്തപ്പേരുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും ഒഴിവാക്കാനാണ്‌ തീരുമാനം. തൊഴിലാളികളുടെ ഭാഗത്തുനിന്ന്‌ ഇവയിലേതെങ്കിലും ഉണ്ടായാല്‍ നടപടിയെടുക്കുമെന്നുവരെ സമ്മേളനത്തിലെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്‌. തികച്ചും ഉചിതവും ധീരവുമായ പ്രഖ്യാപനമാണിത്‌. സംഘടനാബലത്തിന്റെ കൈയ്യൂക്കില്‍ കാലങ്ങളായി തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന രീതിയാണ്‌ നോക്കുകൂലി. വന്‍തൊഴിലുടമകളെ മാത്രമല്ല ചെറിയ കച്ചവടക്കാരെയും വീടുമാറുന്ന സാധാരണക്കാരെയുംവരെ ബാധിച്ചുവന്ന പ്രശ്‌നമായതിനാല്‍ നോക്കുകൂലിയാണ്‌ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടുപോന്നിട്ടുള്ളത്‌. തൊഴിലുടമ സ്വന്തം തൊഴിലാളികളെ നിര്‍ത്തി ചരക്കിറക്കിയാലും ആ പ്രദേശത്തെ അംഗീകൃത തൊഴിലാളിയൂണിയനുകളിലെ അംഗങ്ങള്‍ക്കുകൂടി കൂലിനല്‍കണമെന്ന അലിഖിതനിയമമാണ്‌ നോക്കുകൂലി. വീടുമാറുമ്പോള്‍ വീട്ടുകാര്‍ തനിച്ച്‌ കട്ടിലും അലമാരയുമൊക്കെ എടുത്തുവെച്ചാലും ഒരുകൂട്ടം തൊഴിലാളികള്‍ തൊഴിലവകാശവും കൂലിയും ആവശ്യപ്പെട്ട്‌ പിറകെയെത്തും.

കച്ചവടക്കാര്‍ക്ക്‌ സ്വന്തം വളപ്പില്‍ തന്റെ തൊഴിലാളികളെ നിര്‍ത്തി ചരക്കിറക്കാന്‍ അവകാശമുണ്ടെങ്കിലും അതും പലപ്പോഴും തര്‍ക്കത്തില്‍പ്പെട്ടുവരുന്നു. വളരെ സൂക്ഷ്‌മതയോടെ കൈകാര്യംചെയ്യേണ്ട യന്ത്രോപകരണങ്ങളും വസ്‌തുക്കളും അതില്‍ പരിചയം സിദ്ധിച്ചവര്‍ ഇറക്കിയാലും മറ്റൊരു കൂട്ടര്‍ നോക്കുകൂലി ആവശ്യപ്പെടുന്നു. ചരക്കിറക്കുന്നതിന്റെപേരില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടുപോന്ന ഭൂതപ്പണം കൊച്ചിത്തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെത്തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ഭൂതപ്പണംമൂലമുണ്ടാകുന്ന അധികച്ചെലവ്‌ പേടിച്ച്‌ പലപ്പോഴും ചരക്കുകപ്പലുകള്‍ വഴിമാറിപ്പോയതാണ്‌ പ്രശ്‌നമായത്‌. ഇതെല്ലാം ആശാസ്യമല്ലാത്ത പ്രവണതകളാണെന്ന്‌ കോടതികള്‍ പലവട്ടം വിമര്‍ശിച്ചിട്ടുണ്ട്‌. ജോലിചെയ്യാതെ കൂലിവാങ്ങുന്ന ഏര്‍പ്പാട്‌ അവസാനിപ്പിക്കണമെന്ന്‌ നിര്‍ദേശിക്കുകയുംചെയ്‌തതാണ്‌. എങ്കിലും പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന്‌ ഒരു തൊഴിലാളിസംഘടന പരോക്ഷമായി സമ്മതിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. പിഴവുകള്‍ സ്വയം കണ്ടെത്തി തിരുത്തുന്നത്‌ നല്ല കാര്യമാണ്‌.മുന്‍പ്‌ പലതവണ സി.പി.എം.നേതാക്കള്‍തന്നെ നോക്കുകൂലി തെറ്റായരീതിയാണെന്ന നിലപാട്‌ കൈക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ ഈ സമ്പ്രദായം ഇല്ലാതാവുമെന്ന്‌ ഏവരും പ്രതീക്ഷിക്കുകയുംചെയ്‌തു. എന്നാല്‍ അത്‌ നടപ്പായില്ല.

സാമ്പത്തികനഷ്‌ടം മാത്രമല്ല സാധാരണക്കാരെ നോക്കുകൂലിക്കെതിരെ തിരിച്ചത്‌. ഒരുകൂട്ടമാളുകള്‍ ജോലിയെടുക്കാതെ പണംവാങ്ങുന്നുവെന്നതിലെ ധാര്‍മികരോഷവും അവരെ വിഷമിപ്പിച്ചു. തൊഴിലിന്റെയും വിയര്‍പ്പിന്റെയും വില അറിയാവുന്നവരും ചെയ്‌തജോലിക്ക്‌ കൂലി കണക്കുപറഞ്ഞു വാങ്ങുന്നവരുമായ തൊഴിലാളിസംഘടനകള്‍തന്നെയാണ്‌ ഇത്തരത്തില്‍ അധാര്‍മികമായ നിലപാട്‌ കൈക്കൊണ്ടത്‌ എന്നത്‌ വൈരുധ്യമായി. ഏതായാലും നോക്കുകൂലിയും ഭൂതപ്പണവും മാത്രമല്ല, തൊഴിലുടമയുമായി കരാറുണ്ടാക്കി നേടിയെടുക്കുന്ന ജോലി മറ്റൊരാള്‍ക്ക്‌ വന്‍തുകയ്‌ക്ക്‌ മറിച്ചുനല്‍കുന്നരീതിയും നിര്‍ത്തിവെക്കാന്‍ ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്‌. ഈ തീരുമാനം നടപ്പാക്കാന്‍ തൊഴിലാളികളും സംഘടനയും ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകേണ്ടതുണ്ട്‌. പണ്ട്‌, കുറഞ്ഞകൂലിനല്‍കിവന്ന തൊഴിലുടമകളെ സംഘടിതശക്തിയുടെ ബലത്തില്‍ മുട്ടുകുത്തിച്ച്‌, ന്യായമായ കൂലി നേടിയെടുത്ത തൊഴിലാളിസംഘടനകള്‍ മനസ്സുവെച്ചാല്‍ ഈയൊരു തിരുത്തല്‍ നടപ്പാക്കാന്‍ തെല്ലും വിഷമമുണ്ടാവില്ല. അതിനുള്ള ഇച്ഛാശക്തി തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകണം. എല്ലാ തൊഴിലാളിസംഘടനകളും ഈ മാതൃക പിന്തുടരുകയുംവേണ്ടതാണ്‌. എവിടെയെങ്കിലും ഇത്തരം അന്യായമായ പിടിച്ചുവാങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തടയാന്‍ തൊഴിലാളികള്‍ സ്വമേധയാ മുന്നോട്ടുവരികതന്നെവേണം. ഉയര്‍ന്ന രാഷ്ട്രീയപ്രബുദ്ധതയും സാക്ഷരതാനിലവാരവുമുള്ള മലയാളിസമൂഹത്തിനും ഇവിടത്തെ തൊഴിലാളിസംഘടനകള്‍ക്കും ഇത്തരം മോശമായ പ്രവണതകള്‍ തെല്ലും ചേരുന്നതല്ല.
കടപ്പാട് - മാതൃഭൂമി എഡിറ്റോറിയല്‍ 25-01-10

ഞായറാഴ്‌ച, ജനുവരി 24, 2010

കേന്ദ്രവിലക്ക് ആര്‍ക്കെതിരെ?

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ തടയാനുള്ള നിയമത്തിന്‌ കേന്ദ്രവിലക്ക്‌

തിരുവനന്തപുരം: ബി.ടി. വഴുതനങ്ങ ഉള്‍പ്പെടെ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ വ്യാപനം തടയുന്നതിന്‌ നിയമം കൊണ്ടുവരാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം കേന്ദ്രം വിലക്കി. ഇത്തരമൊരു നിയമനിര്‍മ്മാണത്തിന്‌ സംസ്ഥാനങ്ങള്‍ക്ക്‌ അവകാശമില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ നടപടി. മുന്‍കൂര്‍ അനുമതി തേടിയാണ്‌ ഇതിനായി കേരള സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നത്‌.

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ പരീക്ഷണകൃഷിക്ക്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അധ്യക്ഷനായ സമിതി ഏതാനും മാസം മുമ്പാണ്‌ അനുമതി നല്‍കിയത്‌. അതിനെത്തുടര്‍ന്നാണ്‌ പുതിയ നിയമനിര്‍മ്മാണത്തിന്‌ വി.എസ്‌. അച്യുതാനന്ദന്റെ ചുമതലയിലുള്ള സംസ്ഥാന ശാസ്‌ത്രസാങ്കേതികവകുപ്പ്‌ പുതിയ നിയമനിര്‍മ്മാണത്തിന്‌ നീക്കം നടത്തിയത്‌.

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ സര്‍ക്കാര്‍ തടയുന്നില്ലെന്നും എന്നാല്‍ അത്‌ ഉപയോഗിച്ചുള്ള കൃഷി തടയാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമുണ്ടെന്നുമായിരുന്നു കേരളത്തിന്റെ വാദം. ഇത്തരം വിത്തിനങ്ങള്‍ ഏത്‌ ഭൂപ്രകൃതിയില്‍ കൃഷിചെയ്യുന്നതിനും ആ പ്രദേശത്തിന്റെ അനുമതി വേണമെന്ന്‌ അന്താരാഷ്‌ട്ര തലത്തില്‍ത്തന്നെ ധാരണ ഉണ്ടെന്നും ആ പ്രദേശത്തിന്റെ അനുമതി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ അതത്‌ പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയാണെന്നുമായിരുന്നു കേരളത്തിന്റെ വ്യാഖ്യാനം. ഈ വാദമാണ്‌ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്‌.
കടപ്പാട് - മാതൃഭൂമി
രാസവളങ്ങളും കള,കുമിള്‍,കീടനാശിനികളും വരുത്തിവെച്ച വിനയാണ് നാം ഇന്നനുഭവിക്കുന്ന കാര്‍ഷികോത്പാദനക്കുറവിനും, കാലാവസ്ഥാവ്യതിയാനത്തിനും, പരിസ്ഥിതി മലിനീകരണത്തിനും കാരണമായിത്തീര്‍ന്നത്. കടുംകൃഷിയിലൂടെ ഹരിതഗൃഹ വാതക വര്‍ദ്ധനയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നാല്‍ മണ്ണില്‍ നിന്ന് ഉത്പാദന വര്‍ദ്ധനവിനായി ചെയ്ത ഇത്തരം കുറുക്കുവഴികള്‍ മണ്ണില്‍നിന്ന് ന്യൂട്രിയന്റ്
(103 ഓളം വരുന്ന ലോഹ അലോഹ മൂലകങ്ങള്‍) മൈനിംഗിന് കാരണമായി എന്നതാണ് വാസ്തവം. റബ്ബര്‍ മരത്തിനുണ്ടാകുന്ന പട്ടമരപ്പ് രോഗത്തിന്റെ പ്രതിവിഥി തേടിയ എനിക്ക് ഡോ. തോമസ് വര്‍ഗീസില്‍ നിന്ന് ലഭിച്ച സെക്കന്‍ഡറി ന്യൂട്രിയന്‍സിന്റെയും ട്രയിസ് എലിമെന്‍സിന്റെയും പങ്കിനെക്കുറിച്ചുള്ള പുസ്തകവും ബോറോണ്‍ അഭാവത്തിന് കാരണമായ അമ്ലസ്വഭാവമുള്ള മണല്‍കലര്‍ന്ന മണ്ണും ആണെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ബോറാക്സും, ജൈവവളങ്ങളുമാണ് പട്ടമരപ്പിന് ഏക പരിഹാരം എന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു. ബോറോണ്‍ അഭാവം ഉല്പാദനക്കുറവിന് കാരണമാകുന്നുന്നു. ജൈവവളമുണ്ടെങ്കിലേ ബോറോണ്‍ പ്രവര്‍ത്തിക്കൂ. ഇത്തരം കണ്ടെത്തലുകളെ അവഗണിച്ചുകൊണ്ട് അടുത്തതായി ഭാരതത്തില്‍ നാളിതുവരെ ദൌര്‍ലഭ്യം നേരിടാത്ത വഴുതനയുടെ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്ക് അനുമതി നല്‍കാമെന്ന് ജി.ഇ.എ.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിപ്പോള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കാത്ത് കഴിയുകയാണ്.

ബി.ടി വഴുതനയെക്കുറിച്ചുള്ള ലോകമെമ്പാടും നടന്നിട്ടുള്ള പഠനറിപ്പോര്‍ട്ടുകളും ബി.ടി പരുത്തി കൃഷിചെയ്തതിലൂടെ അനുഭവിച്ചറിഞ്ഞ ഫലങ്ങളും ബി.ടി വിളകളെല്ലാംതന്നെ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് തെളിയിക്കപ്പെട്ടവയാണ്. സമ്പൂര്‍ണ ഉപബോക്തൃസംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തെ ഇത് എപ്രകാരം ബാധിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ബി.ടി വിത്തുകളുടെ വ്യാപനം തടയുവാനുള്ള നിയമം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ കേന്ദ്രം വിലക്കുകവഴി ഒരു വന്‍ വിപത്താണ് ഭക്ഷ്യോത്പന്നങ്ങളില്‍ വന്നുചേരാന്‍ പോകുന്നത്. മണ്ണിന്റെയും, മനുഷ്യന്റെയും, സസ്യലതാദികളുടെയും, പക്ഷിമൃഗാദികളുടെയും ആരോഗ്യം അപകടാവസ്ഥയിലേക്ക് നീങ്ങുവാനും പരിസ്ഥിതി മലിനീകരണത്തിനും ബി.ടി വിത്തുകള്‍ക്ക് സാധിക്കും.

ഒരു വിഭാഗം ശാസ്ത്രജ്ഞരും, ഉദ്യോഗസ്ഥരും ബി.ടി വിളകളുടെ പിണിയാളുകളായി മാറുന്നതിലൂടെ വീണ്ടും ന്യൂട്രിയന്‍ഡ് മൈനിംഗും അതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്ക് നിത്യരോഗങ്ങളും ഫലം. വിത്തിന്റെ കുത്തകാവകാശത്തിന് മൊണ്‍സാന്റോയും അവരുടെ ഫ്രാഞ്ചെയിസിയായി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന മാഹിക്കോയും നമ്മുടെ കാര്‍ഷിക മേഖലയെമാത്രമല്ല മെച്ചപ്പെട്ട തനത് നാടന്‍ വിത്തിനങ്ങളെയും ഇല്ലായ്മചെയ്യും.

ശനിയാഴ്‌ച, ജനുവരി 23, 2010

ബി.ടി വഴുതനയെ തടയുവാന്‍ നമുക്കും ഉപവസിക്കാം

ജനുവരി മുപ്പതിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കേരള കാര്‍ഷിക പരിസ്ഥിതി കൂട്ടായ്മ ഉപവസിക്കുന്നു.



വരൂ നിങ്ങള്‍ക്കും പങ്കെടുക്കാം. കൂടാതെ ഇവിടെ അഭിപ്രായവും രേഖപ്പെടുത്തുക.