വ്യാഴാഴ്‌ച, ഏപ്രിൽ 09, 2009

ഫണ്ടിലുള്ളത്‌ 4.28കോടി, വാങ്ങുന്നത്‌ 16 വാഹനങ്ങള്‍

തിരുവനന്തപുരം: സ്‌കൂള്‍ക്കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി നീക്കിവെച്ച പണമെടുത്ത്‌ വിദ്യാഭ്യാസ വകുപ്പ്‌ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. 16 വാഹനങ്ങളാണ്‌ പുതിയതായി വാങ്ങുന്നത്‌. ഡി.പി.ഐ.ക്കായി ഒരു ഇന്‍ഡിഗൊ കാറും സംസ്ഥാനത്തെ 14 വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഡി.പി.ഐ.യിലെ ഉച്ചഭക്ഷണ വിഭാഗത്തിനായും ഓരോ ടാറ്റാ സുമോയുമാണ്‌ വാങ്ങുക. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന്‌ മുന്നോട്ടുവെച്ച നിര്‍ദേശം ധനവകുപ്പ്‌ ഉദ്യാഗസ്ഥര്‍ എതിര്‍ത്തെങ്കിലും ധനമന്ത്രി പ്രത്യേക താത്‌പര്യമെടുത്ത്‌ അംഗീകരിക്കുകയായിരുന്നു.

1987-ല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കാന്‍ രൂപവത്‌കരിച്ച മുഖ്യമന്ത്രിയുടെ ഉച്ചഭക്ഷണ പരിപാടിയുടെ അക്കൗണ്ടില്‍ കിടന്ന പണമാണ്‌ വണ്ടി വാങ്ങാന്‍ എടുക്കുന്നത്‌. ഫണ്ടില്‍ 4.28 കോടി രൂപ ഇപ്പോഴുണ്ട്‌. മുഖ്യമന്ത്രിയുടെ പദ്ധതിയായിട്ടാണ്‌ ഇത്‌ വിഭാവനം ചെയ്‌തതെങ്കിലും പിന്നീട്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കാനുള്ള അരി കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കിത്തുടങ്ങി. ഇതോടെ സംസ്ഥാനത്ത്‌ രൂപവത്‌കരിച്ച ഫണ്ട്‌ ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക്‌ ഇതുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന മറ്റുചെലവുകള്‍ക്ക്‌ നല്‍കാനായി ഉപയോഗിച്ചുതുടങ്ങി. എങ്കിലും പണം മിച്ചം കിടക്കുകയായിരുന്നു. ഇതിനിടെ ഇങ്ങനെയൊരു ഫണ്ട്‌ ഉണ്ടെന്ന വസ്‌തുത വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍ നിന്ന്‌ മാഞ്ഞു.

ശ്രദ്ധിക്കപ്പെടാതെ കിടന്ന ഫണ്ടാണിതെന്നും അതിനാല്‍ വാഹനം വാങ്ങാന്‍ അനുവദിക്കണമെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. ഉച്ചഭക്ഷണ പരിപാടി ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലകളില്‍ വാഹനം വേണമെന്നായിരുന്നു ന്യായം. എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ കിടന്ന പണം സര്‍ക്കാരിലേക്ക്‌ മുതല്‍ക്കൂട്ടണമായിരുന്നുവെന്നും ഇത്‌ ചെയ്യാത്തതിന്‌ ഡി.പി.ഐ.യോട്‌ വിശദീകരണം ചോദിക്കണമെന്നുമായിരുന്നു ധനവകുപ്പിന്റെ ശുപാര്‍ശ. ഡി.പി.ഐ.യോട്‌ വിശദീകരണം ചോദിക്കണമെന്ന ശുപാര്‍ശ അംഗീകരിച്ച ധനമന്ത്രി വാഹനം വാങ്ങുന്നതിന്‌ അനുമതി നല്‍കുകയായിരുന്നു.

ഉച്ചഭക്ഷണ പരിപാടിക്കുള്ള പണമെടുത്ത്‌ വാഹനം വാങ്ങുന്നതിനോട്‌ വിദ്യാഭ്യാസ വകുപ്പില്‍ത്തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്‌. ഡി.ഡി.മാര്‍ക്കെല്ലാം ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ വാഹനം നല്‍കിയിട്ടുണ്ട്‌. ഇതിന്‌ പുറമെ ഈയാവശ്യത്തിനായി ഓരോ വാഹനം കൂടി നല്‍കുന്നത്‌ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതല ജില്ലകളില്‍ വഹിക്കുന്ന സീനിയര്‍ സൂപ്രണ്ടുമാര്‍ക്ക്‌ ഉപയോഗിക്കാനാണെന്ന്‌ കരുതുന്നു.

ഇപ്പോള്‍ എട്ടാം ക്ലാസുവരെയാണ്‌ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുന്നത്‌. കൂടുതല്‍ പണമുണ്ടെങ്കില്‍ ഒമ്പത്‌, പത്ത്‌ ക്ലാസുകള്‍ വരെ ഇത്‌ വ്യാപിപ്പിക്കണമെന്നും അല്ലെങ്കില്‍ സ്‌കൂളുകളുടെ പൊതുവായ പുരോഗതിക്ക്‌ ഇത്‌ പ്രയോജനപ്പെടുത്തണമെന്നുമാണ്‌ ആവശ്യം. ബജറ്റില്‍ അത്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ നടപ്പാക്കാനാകാതെ നില്‍ക്കുമ്പോഴാണ്‌ ഈ പണമെടുത്ത്‌ വാഹനം വാങ്ങുന്നത്‌.
Courtesy: Mathrubhumi

തിങ്കളാഴ്‌ച, ഏപ്രിൽ 06, 2009

ചെയ്യാത്ത ജോലിക്ക് കൂലികൊടുക്കണോ?

നോക്കുകൂലി: സിഐടിയുക്കാര്‍ സൈനികന്റെ വീട് ആക്രമിച്ചു
മണ്ണഞ്ചേരി: ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനു നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ സൈനികന്റെ വീട് ആക്രമിച്ചു. അക്രമികള്‍ സഹോദരനെയും തൊഴിലാളികളെയും മര്‍ദിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഉത്തരാഞ്ചലില്‍ ജോലി നോക്കുന്ന സൈനികന്‍ പുത്തന്‍ചന്ത ഇടനാവീട്ടില്‍ ദിലീപ് നിര്‍മിക്കുന്ന വീട്ടില്‍ ഇന്നലെ രാവിലെയായിരുന്നു ആക്രമണം.

ദിലീപിന്റെ സഹോദരനും സിഐടിയു ചെത്തുതൊഴിലാളിയുമായ ജയചന്ദ് മുഹമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണ്.ദിലീപിന്റെ വീടിന്റെ നിര്‍മാണം ആരംഭിച്ചിട്ട് ഒന്നര വര്‍ഷമായി. അടുത്ത ദിവസം ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലാണ്. ഇവിടേക്ക് ആവശ്യമായ ടൈലുകള്‍ ഇറക്കിയത് ദിലീപും ജയചന്ദും ചേര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസവും ടൈലുകള്‍ എത്തിച്ചിരുന്നു. ഇതറിഞ്ഞെത്തിയ സിഐടിയുക്കാര്‍ ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനടക്കം 4000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നത്രേ.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ സംഘം നോക്കുകൂലി നല്‍കാതെ പണിക്ക് ആളെ നിര്‍ത്തരുതെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവഗണിച്ചു ജോലിക്കെത്തിയ തൊഴിലാളി തുമ്പോളി സ്വദേശി ആന്റണിക്കും മര്‍ദനമേറ്റു. വീടിനുള്ളില്‍ കടന്നു സിഐടിയു സംഘം ആക്രമണം തുടങ്ങിയ ഉടന്‍ ആന്റണി ഓടി രക്ഷപ്പെടുകയായിരുന്നു. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു ദിലീപ് ആലപ്പുഴ നോര്‍ത്ത് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കടപ്പാട്- മനോരമ 6-04-09

വ്യാഴാഴ്‌ച, ഏപ്രിൽ 02, 2009

ആറ്റിങ്ങല്‍ ആരെ പിന്തുണയ്ക്കും

പഴയ ചിറയില്‍കീഴ് മാറി തിരുവനന്തപുരം ജില്ലയില്‍ ചില അഴിച്ചുപണികള്‍ നടത്തി രൂപപ്പെട്ട ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം രൂപപ്പെട്ടശേഷം ആദ്യ വോട്ടെടുപ്പ് നടക്കുകയാണല്ലോ. മലയാളമനോരമ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പ് ഇവിടെ നടക്കുകയാണ്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വോട്ടറായ എനിക്ക് ആര്‍ക്ക് വോട്ടുകൊടുക്കണം എന്നൊരു സംശയം. അഡ്വക്കേറ്റ് എ. സമ്പത്തും എസ്.ഡി കോളേജ് അധ്യാപകനായിരുന്ന ജി. ബാലചന്ദ്രനും തമ്മിലാണ് ഇവിടെ പ്രധാന മത്സരം നടക്കുന്നത്. എനിക്ക് ഒരു വോട്ട് കൊടുക്കുവാന്‍ താല്പര്യമുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നടക്കുകയാണ്. ആറ്റിങ്ങള്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായ ഇന്റെര്‍ നെറ്റ് ഉപഭോക്താക്കളായ ബ്ലോഗര്‍മാരെ പ്രസ്തുത ഗ്രൂപ്പിലേയ്ക്ക ക്ഷണിക്കുന്നു.
ജി. ബാലചന്ദ്രന്‍
എഐസിസി അംഗവും കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. ആലപ്പുഴ സ്വദേശി. ആലപ്പുഴ എസ്ഡി കോളജില്‍ അധ്യാപകനാ യിരുന്നു. കയര്‍ തൊഴിലാളികള്‍ ക്കുവേണ്ടി വൃദ്ധസദനം തുടങ്ങി. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍. ആലപ്പുഴ എസ്ഡി കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും യൂണിയന്‍ ചെയര്‍മാനായിരുന്നു. എ.കെ. ആന്റണി കെഎസ് ‌യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ ബാലചന്ദ്രനായിരുന്ന വൈസ് പ്രസിഡന്റ്.

എ. സമ്പത്ത്
ആറ്റിങ്ങലായി മാറിയ പഴയ ചിറയിന്‍കീഴിനെ 11-ാം ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. അഭിഭാഷകന്‍. മുന്‍ സിപിഎം എംപി അനിരുദ്ധന്റെയും കെ. സുധര്‍മയുടെയും മകന്‍. സിപിഎം ശാസ്തമംഗലം ലോക്കല്‍കമ്മിറ്റി അംഗം. സിഐടിയു സംസ്ഥാനകമ്മിറ്റിയിലും ദേശീയസമിതിയിലും അംഗമാണ്. ജില്ലാ വൈസ് പ്രസിഡന്റ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ലേബര്‍ ആന്‍ഡ് എംപ്ളോയ്മെന്റ് ചെയര്‍മാന്‍.



തോട്ടയ്ക്കാട് ശശി
എബിവിപി, ആര്‍എസ്എസ് മുന്‍ ഭാരവാഹി. രണ്ടു തവണ ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട്. കെല്‍‌ട്രോണ്‍ മുന്‍ ജീവനക്കാരന്‍



2004 തിരഞ്ഞെടുപ്പ് - ചിറയിന്‍കീഴ്

ആകെ വോട്ട് 10,18,145
വോട്ടു ചെയ്തവര്‍ 6,69,639
വിജയി: വര്‍ക്കല രാധാകൃഷ്ണന്‍ (സി.പി.എം.)
ഭൂരിപക്ഷം 50,745
വാര്‍ത്തകള്‍ക്ക് കടപ്പാട് മനോരമ.