വ്യാഴാഴ്‌ച, നവംബർ 08, 2012

ക്ഷീരോത്പാദകരെ സഹായിക്കാം

ക്ഷീര കര്‍ഷകരെ സഹായിക്കുവാനും അവര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുവാനും വേണ്ടി മൃഗസംരക്ഷണ വാര്‍ത്തകള്‍ എന്ന പേരില്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകരെ കണ്ടെത്തുവാനായി ഒരു ഓണ്‍ലൈന്‍ ഡാറ്റാബാങ്ക് ലഭ്യമല്ല. അതിനാല്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന വിവരങ്ങള്‍ ഇ-മെയില്‍ ഐഡിയോ, മൊബൈല്‍ നമ്പരോ അതല്ലയെങ്കില്‍ രണ്ടും കൂടെയോ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. സര്‍ക്കാര്‍ തലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ക്ഷീരകര്‍ഷക്ക് പ്രയോജനപ്രദമാക്കുവാനും പ്രചരിപ്പിക്കുവാനും ഇത് സഹായകമാകും. കര്‍ഷകരെ സഹായിക്കാന്‍ കഴിയാത്തഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഫാം ലൈസന്‍സിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍. പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ പരമാധികാരം ക്ഷീര കര്‍ഷകര്‍ക്ക് നേരെ തിരിയുമ്പോള്‍ കര്‍ഷകരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ അറിയാതെ പോകുന്നു. പല അവസരങ്ങളിലും ക്ഷീര കര്‍ഷകര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം ആവശ്യമായി വന്നാല്‍ സൌകര്യമുള്ള ഒരു ഡോക്ടറെ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉല്‍പ്പെടെ ജില്ല തിരിച്ചുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ഇത് സഹായകമാകും എന്ന് പ്രതീക്ഷിക്കാം.

ആടുമാടുകള്‍ വളര്‍ത്തുന്ന കര്‍ഷകരെ നിയമത്തിന്റെ നൂലാമാലകളില്‍ ശിക്ഷിക്കുന്ന അവസ്ഥയിലേക്ക്  പോകാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു് നടപടികള്‍ ഉണ്ടാകേണ്ടത് ക്ഷീരോത്പാദനമേഖലയെ പുഷ്ടിപ്പെടുത്താന്‍ സഹായകമാകും. യഥാര്‍ത്ഥത്തില്‍ ജൈവേതരമാലിന്യങ്ങളാണ് പരിസ്ഥിതിയെ മലിനപ്പെടുത്തുന്നത്. അത്തരം മാലിന്യ നിര്‍മ്മാതാക്കളെ ശിക്ഷിക്കുവാനോ തടയുവാനോ കഴിയാതെ പോകുന്നത് ഖേദകരം തന്നെയാണ്. ഗോമൂത്രം ഏറ്റവും നല്ല ജൈവ കീടനാശിനി ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്താം. ചാണകം ദുര്‍ഗന്ധമുണ്ടാകുന്ന ജൈവ മാലിന്യങ്ങളിലെ ദുര്‍ഗന്ധമകറ്റുവാന്‍ കഴിയുന്ന ഒരൊറ്റമൂലിയാണ്. ചാണകത്തിന് എയറോബിക് രീതിയില്‍ ജൈവമാലിന്യങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ കമ്പോസ്റ്റാക്കി മാറ്റുവാനുള്ള കഴിവുണ്ട്. ഒരാഴ്ചക്കുള്ളിലുണ്ടാകുന്ന താപം രോഗാണുക്കളെയും പരാദങ്ങളെയും നശിപ്പിക്കുന്നു.
ചാണകം, ഗോമൂത്രം തുടങ്ങിയവയുടെ മഹത്വം അറിയാത്ത ശാസ്ത്രജ്ഞരും, പരിസ്ഥിതിസ്നേഹികളും, ഭരണകൂടങ്ങളും ഈ നാടിനൊരു ശാപമാണ്. ഒരുകാലത്ത് വീട്ടുറ്റങ്ങളില്‍ മനുഷ്യരുടെയും പട്ടികളുടെയും മൂത്രത്തിന്റെ ദുര്‍ഗന്ധമകറ്റുവാന്‍ നമ്മുടെ മുത്തശ്ശിമാര്‍ ചാണകം കലക്കി തളിക്കുന്നത് കണ്ടു വളര്‍ന്ന നാമെങ്ങിനെ അതിനെ മാലിന്യമായി കണ്ടു? പക്ഷിമൃഗാദികളുടെയും, മനുഷ്യന്റെയും വിസര്‍ജ്യം കൊണ്ട് മണ്ണിനെ പുഷ്ടിപ്പെടുത്തുന്നതിന് പകരം അതിനെ മാലിന്യമായി പരിഗണിക്കുന്നത് അപകടം തന്നെയാണ്. പൂജാമുറികളിലും മറ്റും ഉണങ്ങിയ ചാണക ഉണ്ടകള്‍ വേകിച്ചെടുത്ത ഭസ്മം ഇന്നും പലരും ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍ ചാണകം പാളികളായി ഉണക്കി അടുക്കിവെച്ച് അടുപ്പിലെ തീ കത്തിക്കാനായി ഉപയോഗിക്കുന്നു. ചുട്ടു പൊടിച്ച ചാണകം പല്‍പ്പൊടിയായും പ്രയോജനപ്പെടുത്തുന്നു.

ഗോമൂത്രവും ചാണകവും പ്രയോജനപ്പെടണമെങ്കില്‍ വീടുവീടാന്തിരം പശുക്കളെ വളര്‍ത്തണം. ഡയറിഫാമുകള്‍ക്ക് അതിന് കഴിയില്ല. മാത്രവുമല്ല ക്ഷീരോത്പാദനത്തിന്റെ പേരും പറഞ്ഞ് അടിച്ചേല്‍പ്പിച്ച ക്രോസ് ബ്രീഡ് ഇനങ്ങളുടെ പാലിലെ "ബീറ്റാകേസിന്‍ എഒണ്‍" മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കെ അത്തരം സങ്കര ഇനം പശുക്കളെ നിരോധിക്കുകയാണ് വേണ്ടത്. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരിലൂടെ കര്‍ഷകരിലെത്തുന്നില്ല. യൂണിവേവ്സിറ്റിയില്‍ നടക്കുന്ന സെമിനാറുകളും മറ്റും വിദേശ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന വെറും ചടങ്ങുകളായി മാറുന്നു. കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായതൊന്നും മലയാളഭാഷയില്‍ യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ ലഭ്യമല്ല.
പ്രീയ ക്ഷീര കര്‍ഷകരെ,
നിങ്ങളുടെ ഡയറിയെ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താം.  ഇപ്രകാരം ക്ഷീര കര്‍ഷകരെ സംബന്ധിച്ച കാലാകാലങ്ങളില്‍ പുതുക്കുവാന്‍ കഴിയുന്ന ഒരു ഡാറ്റാബാങ്കില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.

വെള്ളിയാഴ്‌ച, നവംബർ 02, 2012

കാര്‍ഷികനയ രൂപീകരണം - ചര്‍ച്ച

2012 നവംബര്‍ ഒന്നിന് കേരള സ്റ്റേറ്റ് വെറ്റിറനറി കൌണ്‍സില്‍ ഹാളില്‍ ശ്രീ ആര്‍.ഹേലി, ശ്രീ ചിറ്റൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച എഡിറ്റു ചെയ്യാതെ അവതരിപ്പിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഏറിയപങ്കും മൃഗ ഡോക്ടര്‍മാര്‍ ആയിരുന്നു. നാല് കര്‍ഷകരും ചര്‍ച്ചയില്‍ പങ്കെടുത്തു. അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. സുമ, കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീ അജിത് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. പരിപാടിയുടെ അവസാനം ചെലവുകുറഞ്ഞ എയറോബിക് കമ്പോസ്റ്റിഗ് വീഡിയോ പ്രദര്‍ഷിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു.

വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2012

കേരള മുഖ്യമന്ത്രിയ്ക്ക് വായിക്കാന്‍

 തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍
  • വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
  • ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം. 
  • ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
  • മീഥൈന്‍,  കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമല്‍ഷന്‍ പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ കാര്‍ബണ്‍ ക്രഡിറ്റിനെ സഹായിക്കുകയും ചെയ്യുന്നു.
  • എല്ലാത്തരം മത്സ്യ, മാംസ, കോഴി വേസ്റ്റുകളും ചത്ത പക്ഷിമൃഗാദികളും ദുര്‍ന്ധമില്ലാതെ സംസ്കരിക്കാം.
  • ഒരാഴ്ചയ്ക്കുള്ളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഒഴിവാകുകയും, കളകളുടെയും മറ്റും വിത്തുകള്‍ നശിപ്പിക്കുകയും, പരാദകീടബാധ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
  • രണ്ടായിരം രൂപ ചെലവില്‍ പരസഹായമില്ലാതെ സ്വയം ഇത്തരം പ്ലാന്റ് നിര്‍മ്മിക്കാം.
  • ഉള്‍ഭാഗം നാലടി നീളം, വീതി, ഉയരം  ആയതിനാല്‍ ടെറസിന് മുകളിലും, വീട്ടുമുറ്റത്തും സ്ഥാപിക്കാം.
  • ലേബര്‍ ഷോര്‍ട്ടേജുള്ള കേരളത്തില്‍ ലേബറില്ലാതെ സംസ്കരണം സ്വയം നിര്‍വ്വഹിക്കാം.
  • കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സൌകര്യപ്രദം. 
  • ചാണകമോ, ചാണകത്തില്‍നിന്ന് വേര്‍തിരിച്ച ബാക്ടീരിയയോ ഉയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടത്തുന്നു.
കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരും, സ്ഥാപനങ്ങളും തുമ്പൂര്‍മൂഴി മോഡല്‍ നടപ്പിലാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റുകള്‍ താഴെ ചേര്‍ത്തിരിത്തുന്നു.
കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം