ബുധനാഴ്‌ച, മാർച്ച് 09, 2011

നോക്കുകൂലിയ്ക്ക് അന്ത്യമില്ല

നോക്കുകൂലി 30,000 രൂപ; ഷൊറണൂര്‍ ഗവ. പ്രസ്സില്‍ മെഷീന്‍ ഇറക്കാനായില്ല 


ഷൊറണൂര്‍: സി.ഐ.ടി.യു. തൊഴിലാളികള്‍ 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷൊറണൂര്‍ ഗവ. പ്രസ്സിലേക്ക് കൊണ്ടുവന്ന ഹൈടെക് ഓഫ്‌സെറ്റ് മെഷീനുകള്‍ ഇറക്കാനായില്ല. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഷൊറണൂര്‍ ഗവ. പ്രസ്സ് നവീകരണത്തിന്റെ ഭാഗമായാണ് പുതിയ ഹൈടെക് വെബ് ഓഫ്‌സെറ്റ് മെഷീന്‍ സ്ഥാപിക്കാന്‍ അനുമതിയായത്. ഇത്തരം മെഷീന്‍ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ പ്രസ്സാണ് ഷൊറണൂരിലേത്. പ്രിന്‍റിങ്‌മെഷീന്‍ ഏഴ് ലോറിയിലായി മുംബൈയില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് എത്തിയത്. വ്യവസായവകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിനാണ് മെഷീന്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ചുമതല. ഇതിന്റെ അടിസ്ഥാനത്തില്‍ മെഷീന്‍ ഇറക്കി സ്ഥാപിക്കാന്‍ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍വര്‍ക്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിന് വ്യവസായവകുപ്പ് ടെന്‍ഡര്‍ നല്‍കിയിരുന്നു. മെഷീന്‍ ഇറക്കാന്‍ സ്വകാര്യകമ്പനിയുടെ പത്തോളം തൊഴിലാളികള്‍ ക്രെയിനുമായി എത്തിയപ്പോഴാണ് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ തടഞ്ഞത്. ഏകദേശം 30 ടണ്‍ ഭാരംവരുന്ന മെഷീനുകള്‍ ഇറക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവര്‍ക്കേ സാധിക്കുകയുള്ളൂവെന്ന വ്യവസായവകുപ്പ് അധികൃതരുടെ നിലപാട് സി.ഐ.ടി.യു. നേതാക്കള്‍ അംഗീകരിച്ചില്ല. അതോടെ തര്‍ക്കം രൂക്ഷമായി. പിന്നീട് ഷൊറണൂരിലുള്ള അസി.ലേബര്‍ ഓഫീസര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.

ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ അനുരഞ്ജനചര്‍ച്ചയില്‍ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ക്രെയിനും കരാര്‍തൊഴിലാളികളും തിരിച്ചുപോയി. സി.ഐ.ടി.യു. തൊഴിലാളികള്‍ 30,000 രൂപആവശ്യപ്പെട്ടെന്നും ഇതുനല്‍കാന്‍ സാധിക്കില്ലെന്നും കരാറുകാരന്‍ ജോണ്‍സണ്‍ പറഞ്ഞു. മെഷീന്‍ ഇറക്കാന്‍ പറ്റാത്തതുമൂലം ക്രെയിനിന് 10,000രൂപ കൊടുക്കേണ്ടിവന്നു. ചൊവ്വാഴ്ചയും ഇറക്കാന്‍ സാധിച്ചില്ലെങ്കില്‍ കോഴിക്കോട്ടുള്ള പ്രസ്സില്‍ മെഷീന്‍ ഇറക്കാനുള്ള ശ്രമത്തിലാണ് കരാറുകാരന്‍.

എന്നാല്‍, കുളപ്പുള്ളി വ്യവസായമേഖലയില്‍ കയറ്റിറക്ക് തങ്ങളുടെ അവകാശമാണെന്നും അതുനിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സി.ഐ.ടി.യു. നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയില്‍ ലേബര്‍ഓഫീസര്‍ കൃഷ്ണപ്രസാദ്, വ്യവസായവകുപ്പ് ഉദ്യോഗസ്ഥരായ രവിവര്‍മ, കെ.കെ.മോഹനന്‍, കരാര്‍കമ്പനിയുടെ പ്രതിനിധി ജോണ്‍സണ്‍, സി.ഐ.ടി.യു. നേതാവ് രാജന്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ച ചൊവ്വാഴ്ചയും തുടരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ