ബുധനാഴ്‌ച, മാർച്ച് 09, 2011

നോക്കുകൂലിയ്ക്ക് അന്ത്യമില്ല

നോക്കുകൂലി 30,000 രൂപ; ഷൊറണൂര്‍ ഗവ. പ്രസ്സില്‍ മെഷീന്‍ ഇറക്കാനായില്ല 


ഷൊറണൂര്‍: സി.ഐ.ടി.യു. തൊഴിലാളികള്‍ 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷൊറണൂര്‍ ഗവ. പ്രസ്സിലേക്ക് കൊണ്ടുവന്ന ഹൈടെക് ഓഫ്‌സെറ്റ് മെഷീനുകള്‍ ഇറക്കാനായില്ല. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഷൊറണൂര്‍ ഗവ. പ്രസ്സ് നവീകരണത്തിന്റെ ഭാഗമായാണ് പുതിയ ഹൈടെക് വെബ് ഓഫ്‌സെറ്റ് മെഷീന്‍ സ്ഥാപിക്കാന്‍ അനുമതിയായത്. ഇത്തരം മെഷീന്‍ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ പ്രസ്സാണ് ഷൊറണൂരിലേത്. പ്രിന്‍റിങ്‌മെഷീന്‍ ഏഴ് ലോറിയിലായി മുംബൈയില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് എത്തിയത്. വ്യവസായവകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിനാണ് മെഷീന്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ചുമതല. ഇതിന്റെ അടിസ്ഥാനത്തില്‍ മെഷീന്‍ ഇറക്കി സ്ഥാപിക്കാന്‍ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍വര്‍ക്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിന് വ്യവസായവകുപ്പ് ടെന്‍ഡര്‍ നല്‍കിയിരുന്നു. മെഷീന്‍ ഇറക്കാന്‍ സ്വകാര്യകമ്പനിയുടെ പത്തോളം തൊഴിലാളികള്‍ ക്രെയിനുമായി എത്തിയപ്പോഴാണ് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ തടഞ്ഞത്. ഏകദേശം 30 ടണ്‍ ഭാരംവരുന്ന മെഷീനുകള്‍ ഇറക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവര്‍ക്കേ സാധിക്കുകയുള്ളൂവെന്ന വ്യവസായവകുപ്പ് അധികൃതരുടെ നിലപാട് സി.ഐ.ടി.യു. നേതാക്കള്‍ അംഗീകരിച്ചില്ല. അതോടെ തര്‍ക്കം രൂക്ഷമായി. പിന്നീട് ഷൊറണൂരിലുള്ള അസി.ലേബര്‍ ഓഫീസര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.

ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ അനുരഞ്ജനചര്‍ച്ചയില്‍ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ക്രെയിനും കരാര്‍തൊഴിലാളികളും തിരിച്ചുപോയി. സി.ഐ.ടി.യു. തൊഴിലാളികള്‍ 30,000 രൂപആവശ്യപ്പെട്ടെന്നും ഇതുനല്‍കാന്‍ സാധിക്കില്ലെന്നും കരാറുകാരന്‍ ജോണ്‍സണ്‍ പറഞ്ഞു. മെഷീന്‍ ഇറക്കാന്‍ പറ്റാത്തതുമൂലം ക്രെയിനിന് 10,000രൂപ കൊടുക്കേണ്ടിവന്നു. ചൊവ്വാഴ്ചയും ഇറക്കാന്‍ സാധിച്ചില്ലെങ്കില്‍ കോഴിക്കോട്ടുള്ള പ്രസ്സില്‍ മെഷീന്‍ ഇറക്കാനുള്ള ശ്രമത്തിലാണ് കരാറുകാരന്‍.

എന്നാല്‍, കുളപ്പുള്ളി വ്യവസായമേഖലയില്‍ കയറ്റിറക്ക് തങ്ങളുടെ അവകാശമാണെന്നും അതുനിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സി.ഐ.ടി.യു. നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയില്‍ ലേബര്‍ഓഫീസര്‍ കൃഷ്ണപ്രസാദ്, വ്യവസായവകുപ്പ് ഉദ്യോഗസ്ഥരായ രവിവര്‍മ, കെ.കെ.മോഹനന്‍, കരാര്‍കമ്പനിയുടെ പ്രതിനിധി ജോണ്‍സണ്‍, സി.ഐ.ടി.യു. നേതാവ് രാജന്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ച ചൊവ്വാഴ്ചയും തുടരും.

ശനിയാഴ്‌ച, ഫെബ്രുവരി 12, 2011

GM Rubber ഒരു തുറന്ന ചര്‍ച്ച


2011 ഫെബ്രുവരി 11 ന് കോട്ടയം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചര്‍ച്ച കേള്‍ക്കുവാന്‍ അവസരമൊരുക്കുന്നു.
മുന്‍ ബയോഡൈവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. വി.എസ്. വിജന്‍ സംസാരിക്കുന്നു

റബ്ബര്‍ ബോര്‍ഡ് മെംബര്‍ ശ്രീ സിബി മോനിപ്പള്ളി സംസാരിക്കുന്നു


എസ്. ഉഷ (തണല്‍) സംസാരിക്കുന്നു.


ശ്രീധര്‍ (തണല്‍) സംസാരിക്കുന്നു


സ്ഥിതിവിവര കണക്കുകളിലൂടെ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചും മാധ്യമങ്ങളിലൂടെ വ്യാപരിവില പ്രസിദ്ധീകരിപ്പിച്ച് വിപണിവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കിയും ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കണ്‍മതി സമ്പ്രദായത്തിലൂടെ കര്‍ഷകരെ കബളിപ്പിച്ചും അനാവശ്യ കയറ്റുമതി ഇറക്കുമതികള്‍ പ്രോത്സാഹിപ്പിച്ചും മണ്ണില്‍ നിന്നും മരങ്ങളില്‍ നിന്നും അമിത പോഷക ചൂഷണം നടത്തിയും നാളിതുവരെ നടത്തിയ ചതികള്‍ക്കപ്പുറം മറ്റൊരു ചതി ജനിതകമാറ്റം വരുത്തിയ റബ്ബര്‍. റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണകേന്ദ്രത്തിന് ചെയ്യാന്‍ എത്രയോ നല്ല കാര്യങ്ങളുണ്ട്. ഒരു ഗുണനിലവാര നിര്‍ണയം നടത്തുവാന്‍ പുതുപുത്തന്‍ ടെക്നോളജികളുടെ (കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റം) സഹായത്താല്‍ മുന്തിയ ഗ്രേഡും വിലയും ഉറപ്പാക്കുവാനും മിതമായ ലാഭത്തില്‍ വാങ്ങിയ ഗ്രേഡില്‍ വില്‍ക്കുവാന്‍ കഴിയുന്ന വിപണിയും അതിലൂടെ ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ ഉണ്ടാക്കുവാനും സഹായകമാകും. ലാറ്റെക്സി‌ന്റെയും ഷീറ്റുകളുടെയും സ്ക്രാപ്പിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ റബ്ബര്‍ മരങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കുകയും, ഉല്പാദന ക്ഷമതയും, കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിക്കുകമാത്രമല്ല റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും കുറയും. സൂഷ്മ അതിസൂഷ്മ മൂലകങ്ങളുടെ ആവശ്യാനുസരണമുള്ള ലഭ്യതയും നിയന്ത്രിതമായ ടാപ്പിംഗും പട്ടമരപ്പിന് പരിഹാരം മാത്രമല്ല മരങ്ങളില്‍വെച്ച് മുന്തിയ ജലസംഭരണശേഷിയുള്ള സൈലത്തിന്റെ സഹായത്താല്‍ വരള്‍ച്ചയെ തരണം ചെയ്ത് ഉത്പാദനവര്‍ദ്ധനയോടെ സുസ്ഥിര കൃഷിയും ഉറപ്പാക്കുകയും ചെയ്യാം. അതോടൊപ്പം ആടുമാട് വളര്‍ത്തലും ജൈവവളലഭ്യതയും അതിലൂടെ റബ്ബര്‍ കൃഷി കൂടുതല്‍ ആദായകരവുമാക്കാം.