വെള്ളിയാഴ്‌ച, ഫെബ്രുവരി 15, 2013

കുടിവെള്ളം അമൂല്യമാണ്

കുടിവെള്ളം വരും തലമുറയ്ക്ക് നഷ്ടപ്പെടാന്‍ സാധ്യത. പാശ്ചാത്യ സംസ്കാരം അനുകരിച്ച നാം ഭൂമിയോട് കാട്ടിയ ക്രൂരതയുടെ ഫലമാണ് കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും. അങ്ങിങ്ങായി കേരളമൊട്ടുക്ക് ലഭ്യമായിരുന്ന നെല്‍പ്പാടങ്ങള്‍ ശുദ്ധജലസംഭരണികലായിരുന്നു. കുന്നുകള്‍ക്കുള്ളിലെ ജലശേഖരം വേനലില്‍ കനിഞ്ഞിറങ്ങി ഭൂഗര്‍ഭജലനിരപ്പ് പരിപാലിക്കപ്പെട്ടിരുന്നു. കുന്നുകളിടിച്ച് നെല്‍പ്പാടങ്ങള്‍ നികത്തി പരിസ്ഥിതി പരിപാലനം പാടെ മറന്നു. നെല്‍പ്പാടങ്ങളില്‍ വേനല്‍ക്കാലത്ത് ജലം ലഭ്യമാക്കിയിരുന്ന കുളങ്ങള്‍ മലിനജല സംഭരണികളായി മാറി എന്നുമാത്രമല്ല ആഫ്രിക്കന്‍പായല്‍ കുളവാഴ മുതലായവയുടെ കേന്ദ്രങ്ങളായി മാറി. വീടുവീടാന്തിരം കിണറുകളുണ്ടായിരുന്നത് പലരും നികത്തുകയോ, സീവേജ് പിറ്റായി മാറ്റുകയോ ചെയ്തു. 'അണ്‍കണ്‍ഫൈന്‍ഡ് അക്വിഫര്‍' എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് മേല്‍ത്തട്ടിലെ ജലശേഖരമായ കിണര്‍വെള്ളം. അതിനെ തകര്‍ത്തുകൊണ്ട് ജലവിതരണസംവിധാനം വീടുവീടാന്തിരം പൈപ്പുകളിലൂടെ ഒഴുകിയെത്തി. ജപ്പാന്‍ കുടിവെള്ള പദ്ധതിപോലുള്ള വമ്പന്‍ പദ്ധതികള്‍ ജലവിതരണം ഏറ്റെടുത്തു. റോഡുകളിലും റയില്‍വ്വേസ്റ്റേഷനുകളിലും ലഭ്യമായിരുന്ന കുടിവെള്ള പൈപ്പുകല്‍ നീക്കംചെയ്യപ്പെട്ടു. കുടിവെള്ളം കുപ്പികളിലാക്കി പതിനഞ്ചുരൂപയ്ക്ക് വില്‍ക്കുന്ന സ്വകാര്യ കമ്പനികള്‍ വളര്‍ന്നു.
ഓരോ വ്യക്തിയും കിണര്‍വെള്ളം ഉപയോഗിച്ചിരുന്നതിന്റെ പതിന്മടങ്ങ് പൈപ്പ് വെള്ളമുപയോഗിച്ച് മലിനപ്പെടുത്തുവാന്‍ തുടങ്ങി. ഓരോ പ്രാവശ്യം ക്ലോസെറ്റുകളില്‍ ഫ്ലഷ് ചെയ്യുമ്പോഴും ഇരുപതോളം ലിറ്റര്‍ ജലമാണ് മലിനപ്പെടുന്നത്. മനുഷ്യവിസര്‍ജ്യവും, സോപ്പുവെള്ളവും മറ്റും കൂടിക്കലര്‍ന്ന് ഡ്രയിനേജ് സംവിധാനത്തിലൂടെ ജലാശയങ്ങളിലെത്തിച്ചേര്‍ന്ന് ഒഴുകുന്ന ജലം ഒഴുകുന്തോറും ശുദ്ധീകരിക്കപ്പെടുൂന്ന അവസ്ഥ മാറി ഒഴുകുന്തോറും മലിനപ്പെടുന്ന അവസ്ഥയിലേയ്ക്ക് കൂപ്പുകുത്തി. മനുഷ്യന്‍ നശിപ്പിച്ചത് ജലം മാത്രമല്ല അതിലൂടെ ഒഴുക്കിക്കളയുന്ന ജൈവാംശംകൂടിയാണ്. മണ്ണിലെ ചില ബാക്ടീരിയകള്‍ ജലം ശുദ്ദീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് അത്തരം ബാക്ടീരിയകളുടെ ആവശ്യമെ ഇല്ല എന്ന നിലയില്‍ കൊണ്ടെത്തിച്ചു. ജലത്തിലൂടെ സസ്യലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും ലഭിക്കേണ്ട സൂഷ്മ അതിസൂഷ്മ മൂലകങ്ങള്‍ താളം തെറ്റുകയും ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യുന്നു. പലതരം ജല ശുദ്ധീകരണ ഉപകരണങ്ങള്‍ മനുഷ്യരെ കബളിപ്പിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയില്‍ തീരപ്രദേശങ്ങളില്‍ 4-5 മീറ്ററിലും വെട്ടുകല്ലും കളിമണ്ണും ഉള്ളിടങ്ങളില്‍ 10-15 മീറ്ററിലുംവയല്‍ഭാഗങ്ങളില്‍ 5-6 മീറ്ററിലും കുന്നിന്‍ പ്രദേശങ്ങളില്‍ 10-15 മീറ്ററിലും കുഴിച്ചാല്‍ കിണര്‍വെള്ളം ലഭിക്കേണ്ടതാണ്. എന്നാലിപ്പോള്‍ ഈ മാനദണ്ഡങ്ങളെല്ലാം മാറുകയാണ്. ജലനിരപ്പ് കുറയുന്നതോടെ വളരെ ആഴത്തിലുള്ള കിണറുകളില്‍പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
ഭൂഗര്‍ഭത്തിലുള്ള പാറകളില്‍ സംഭരിക്കപ്പെട്ട ജലനിരപ്പിനെയാണ് 'അണ്‍ കണ്‍ഫൈന്‍ഡ് അക്വിഫര്‍' വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. പാറതുരന്ന് വെള്ളമെടുക്കുന്നതിന് ഏറെ ആഴത്തില്‍ കുഴിക്കേണ്ട സ്ഥിതിയാണ്. കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളില്‍ 220 മീറ്ററിലേറെ കുഴിച്ചാണ് ഇത്തരത്തില്‍ വെള്ളം പമ്പുചെയ്യുന്നത്.
നഗരങ്ങളില്‍ ജലാശയങ്ങളില്‍ നിന്ന് പമ്പിങ് സ്റ്റേഷനുകള്‍ മുഖേന കുടിവെള്ള വിതരണം നടക്കുന്നതിനാല്‍ വരള്‍ച്ചയുടെ കെടുതി അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നഗരപ്രദേശങ്ങള്‍ക്ക് പുറത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. കോട്ടയത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും അപകടകരമാംവണ്ണം ജലനിരപ്പ് താഴുകയാണ്.
നദികളിലൂടെ ഒഴുകുന്ന ജലം ശുദ്ധമാകണമെങ്കില്‍ ഓരോ വീട്ടില്‍നിന്നും പുറത്തേയ്ക്കൊഴുകുന്ന ജലം ശുദ്ധമായിരിക്കണം. ജലം വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് വാട്ടര്‍ അതോറിറ്റിക്ക് ശമ്പളവും പെന്‍ഷനും കൊടുക്കുവാന്‍ ജലത്തിന്റെ വില ഉയര്‍ത്തേണ്ടതായും വരും. ജൈവ ജൈവേതര മാലിന്യങ്ങള്‍ ഉറവിടത്തില്‍ വേര്‍തിരിക്കുകയും, മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ സംസ്കരിച്ച് മീഥൈന്‍ ഇന്ധനമായി മാറ്റിയും അവശേഷിക്കുന്ന മലിനജലം ശുദ്ധീകരിച്ച് കുഴികളില്‍ നിറച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യാം. അത്തരം ശുദ്ധീകരണത്തില്‍ പങ്കാളിയാകുവാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ കുടിവെള്ളം ശുദ്ധമായിത്തന്നെ ലഭ്യമാക്കും. കിണര്‍വെള്ളം കുടിയ്ക്കുവാന്‍ ഇനിയെങ്കിലും നാം സ്വയം ശ്രമിക്കേണ്ടതായിട്ടുണ്ട്.  വീടുപരിസരവും ശുചിത്വം പാലിക്കുകയും മഴവെള്ള സംഭരണികളുടെ സഹായത്താല്‍ ഭൂലം റീചാര്‍ജ് ചെയ്യുകയും ചെയ്താല്‍ ഏത് വരള്‍ച്ചയെയും ഭയപ്പെടേണ്ട ആവശ്യം തന്നെ ഇല്ല.
കടപ്പാട് മാതൃഭൂമിയോടും ഉണ്ട്. 

വ്യാഴാഴ്‌ച, ഫെബ്രുവരി 14, 2013

കര്‍ഷകരുടെ പ്രശ്നങ്ങള്‍

ഒരു കാലത്ത് ലാഭകരമായി നടന്നിരുന്ന കാര്‍ഷിക വൃത്തി ഇന്ന് അപടകരമായ നിലയിലേയ്ക്ക് നീങ്ങുന്നു. ഉത്പാദന വര്‍ദ്ധനവിനായി സ്വീകരിച്ച ഗവേഷണങ്ങളും, കൃഷിരീതികളും, വളപ്രയോഗവും, ഹൈബ്രീഡ് വിത്തിനങ്ങളും മറ്റും കാര്‍ഷികമേഖലയെ തകര്‍ക്കുവാന്‍ സഹായിച്ചു. മണ്ണിലെ സൂഷ്മ അതിസൂഷ്മ മൂലകങ്ങളെ ഊറ്റിയെടുത്ത് ഉത്പാദന വര്‍ദ്ധനവ് സാധ്യമാക്കിയതിലൂടെ മണ്ണിന്റെ ഗുണനിലവാരം പാടെ നശിച്ചു. കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിളവുകള്‍ ഗുണനിലവാരം കുറയുന്നതിലൂടെയും മനുഷ്യന്‍ അവ ഭക്ഷിക്കുന്നതിലൂടെയും അനാരോഗ്യവും നിത്യ രോഗങ്ങളും അവന് സമ്മാനിച്ചു. കര്‍ഷകരെ സഹായിക്കുവാന്‍ ലഭ്യമാക്കിയ ബാങ്ക് വായ്പകള്‍ ബാങ്കുകളെ വളര്‍ത്തി. റീയല്‍ എസ്റ്റേറ്റുകള്‍ ഭൂമിയുടെ ക്രമാതീതമായ വില വര്‍ദ്ധനവിന്  കാരണമായി. ഇവര്‍ കള്ളപ്പണം വെള്ളയാക്കുന്നതിനായി കൂടിയ വിലയ്ക്ക് ഭൂമി വാങ്ങുമ്പോള്‍ താണ വില പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയും ദരിദ്ര കര്‍ഷകരെ കരുവാക്കുകയും ചെയ്തു. വിവാഹ കമ്പോളത്തില്‍ ഒരുകാലത്ത് മുന്‍പിലായിരുന്ന കര്‍കഷകന്റെ സ്ഥാനം ഇന്ന് വളരെ താഴെയായി. വിപണിയിലെ ഇന്‍ഫ്ലേഷന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന ശമ്പള വര്‍ദ്ധന കര്‍ഷകന്റെ ഉത്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ലാഭകൃഷി എന്നത് നഷ്ടകൃഷിയിലേയ്ക്ക് കൂപ്പുകുത്തുകയും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുകയും ചെയ്തു. ഇന്‍ഫ്ലേഷന്റെ നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാത്തതും കോട്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നതും കര്‍ഷകര്‍ക്കുമാത്രമാണ്. ശമ്പള വര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി വേതനത്തിലും വര്‍ദ്ധനവുണ്ടായി, അത് ഉത്പാദനചെലവിനേക്കാള്‍ താണ വരുമാനം കൃഷിയില്‍നിന്ന് ലഭിക്കുവാന്‍ കാരണമായി.
ഒരു കര്‍ഷക തൊഴിലാളിയ്ക്ക് ഒരുദിവസം അറുന്നൂറ് രൂപ കൂലി ലഭിക്കുന്നത് തന്റെ കായിക അധ്വാനത്തിന് കൂലിയാണ്. അത്രയും വരുമാനം പ്രതിദിനം ഒരു കര്‍ഷകന് ലഭിക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്, മൂന്നോ നാലോ പുരുഷ തൊഴിലാളികളുള്ള ഒരു കുടുംബത്തില്‍ പ്രതിമാസ വരുമാനം കണക്കാക്കാവുന്നതെ ഉള്ളു. കേരളത്തില്‍ ആളില്ലാഞ്ഞിട്ടല്ല തൊഴിലാളികള്‍ ബംഗാളില്‍നിന്നും ബീഹാറില്‍നിന്നും വന്നാല്‍ മാത്രമെ കേരളത്തിലെ പണി നടക്കൂ.
രാസവളപ്രയോഗവും, ശത്രുകീടങ്ങളെയും, കളകളെയും മറ്റും നശിപ്പിക്കുവാനായി ലഭ്യമാക്കിയ കള കുമിള്‍ കീടനാശിനികളും പ്രോയോഗിക്കുന്നതിലൂടെ പ്രകൃതിയില്‍ ലഭ്യമായിരുന്ന മിത്രകീടങ്ങളെയും ഇല്ലായ്മ ചെയ്തു. രാസവളങ്ങളുടെ ലഭ്യത കര്‍ഷകരെ ജൈവവള നിര്‍മ്മാണത്തില്‍ നിന്ന് അകറ്റുകയാണ് ചെയ്തത്. ജൈവവളനിര്‍മ്മാണച്ചെലവും, അവ കൃഷിയിടങ്ങളിലെത്തിക്കുവാനുള്ള ചെലവും ഭാരിച്ചതായതോടെ കര്‍ഷകരില്‍ പലരും ജൈവകൃഷി രീതിതന്നെ ഉപേക്ഷിച്ചു. കീടനാശിനികളില്‍ എക്സ്ടീമ്‌ലി ഹസാര്‍ഡസ് ഇനത്തില്‍പ്പെട്ടവ പലതും വര്‍ഷങ്ങളുടെ പ്രയോഗത്തിന് ശേഷം നിരോധിക്കപ്പെട്ടുവെങ്കില്‍ അതിന്റെ അംശം മണ്ണിലും, ജലത്തിലും, വായുവിലും പതിറ്റാണ്ടുകള്‍ തുടര്‍ന്നും ലഭ്യമാക്കുകയാണ് ചെയ്തത്. ഇവയുടെ പ്രചാരത്തിന് ചുക്കാന്‍ പിടിച്ച പല കൃഷിശാസ്ത്രജ്ഞരും, കൃഷിമന്ത്രിമാരും ഇവയുടെ ദോഷങ്ങളെപ്പറ്റി അജ്ഞരായിരുന്നു എന്ന് കാലം തെളിയിച്ചു. കാരണം ഇത്തരത്തിലുള്ള പലരും മാരകമായ ക്യാന്‍സര്‍ രോഗങ്ങള്‍ക്കിരയായി. നമ്മുടെ മെച്ചപ്പെട്ട പല നാടന്‍ വിത്തിനങ്ങളും നമുക്ക് നഷ്ടമായി. പകരം ലഭിച്ച ഹൈബ്രീഡ് ഇനങ്ങളെല്ലാം താല്കാലിക ലാഭം ലഭ്യമാക്കി നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. ഹ്രസ്വകാല വിളകള്‍ പരാഗണത്തിലൂടെ സമ്മിശ്രകൃഷിയിലെ പരാഗണത്തിലൂടെ കര്‍ഷകര്‍ സ്വയം ഉത്പാദിപ്പിച്ച് സംഭരിച്ചിരുന്ന പലതിന്റെ ഗുണം നഷ്ടമായി.
മൃഗസംരക്ഷണവും കൃഷിയും ഒത്തുചേര്‍ന്ന് നടത്തിയിരുന്ന കര്‍ഷകര്‍ക്ക് ക്ഷീരോത്പാദന മേഖലയിലുണ്ടായ ധവളവിപ്ലവം എന്ന മാറ്റം ക്രോസ് ബ്രീഡ് ഇനങ്ങളും ഡയറിഫാമുകളുമായി മാറ്റി. നമ്മുടെ തനത് നാടന്‍ പശുക്കള്‍ ഇല്ലാതായതിലൂടെ ക്രോസ്ബ്രീഡ് ചെയ്യപ്പെട്ട പശുക്കളുടെ രോഗപ്രതിരോധശക്തി കുറയുകയും പലതരം രോഗങ്ങള്‍ക്ക് അവ അടിമയാകുകയും ചെയ്തു. ക്രോസ് ബ്രീഡ് ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാലില്‍ ബീറ്റാകേസിന്‍ A1 ആണ് എന്നും നമ്മുടെ നാടന്‍ ഇനങ്ങളില്‍ ബീറ്റാകേസിന്‍ A2 ആയിരുന്നു എന്നും വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ബീറ്റാകേസിന്‍ A1 ന്റെ ദോഷവശങ്ങള്‍ നാം മനസിലാക്കിയാല്‍ അവ പ്രോത്സാഹിപ്പിക്കപ്പെട്ടത് തെറ്റായിരുന്നു എന്ന് മനസിലാക്കാം. ക്ഷീര വിപണന സംഘങ്ങള്‍ വളരുകയും കര്‍ഷകരില്‍ നിന്ന് സംഭരിച്ച് ആദ്യകാലങ്ങളില്‍ വിതരണം ചെയ്തിരുന്നവര്‍ മായം കലര്‍ത്തിയും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തിയും വിപണനം ആരംഭിച്ചു. നല്ല പാലിന് പകരം ഫാറ്റും എസ്എന്‍എഫും പാല്‍പ്പൊടിയും വെള്ളവും കലര്‍ത്തി പരിഹാരം കണ്ടെതി. കൃത്രിമ പാല്‍ വിപണനത്തിലൂടെ നാമിന്നും ക്ഷീരോത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുതന്നെയാണ്. ഇനിയെങ്കിലും ആരോഗ്യദായിനിയായ ബീറ്റാകേസിന്‍ A2 അടങ്ങിയ പാലുത്പാദിപ്പിക്കുന്ന നമ്മുടെ നാടന്‍ പശുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വീടുവീടാന്തിരം നാടന്‍ പശുക്കള്‍ വളരുന്നതിലൂടെ അവയുടെ തീറ്റച്ചെലവ് കുറയുകയും, പച്ചപ്പുല്ലും ഭക്ഷ്യഅവശിഷ്ടങ്ങളും അവയ്ക്ക് തീറ്റയായി നല്‍കുകയും ചെയ്യാം.
അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ അനുവാദം വേണം. ഈ നാടുമുഴുവന്‍ മലിനപ്പെട്ടിട്ടും, ജലസ്രോതസ്സുകള്‍ മലിനപ്പെട്ടിട്ടും കുലുങ്ങാത്ത പ്രസ്തുതബോര്‍ഡ് അഞ്ചു പശുക്കളില്‍ക്കൂടുതല്‍ പശുവളര്‍ത്തുന്ന ക്ഷീര കര്‍ഷകരെ പശുവളര്‍ത്തല്‍ അവസാനിപ്പിക്കുവാന്‍ നിയമം കൊണ്ടു നടക്കുകയും നടപടി എടുക്കുകയും ചെയ്യും. അവര്‍ അറിയാതെ പോയത് പശുവിന്റെ മൂത്രം ഏറ്റവും മെച്ചപ്പെട്ട ജൈവ കീടനാശിനി ആണ് എന്നും, ചാണകത്തിന് ദിര്‍ഗന്ധമകറ്റുവാനും ജൈവാവശിഷ്ടങ്ങളെ ചാണകത്തിലെ ബാക്ടീരിയയുടെ സഹായത്താല്‍ വളരെവേഗം കമ്പോസ്റ്റാക്കി മാറ്റും എന്നതുമാണ്. ഇത്തരം അറിവുകള്‍ പ്രചരിപ്പിച്ച് ക്ഷീര കര്‍ഷകരെ പൊലൂഷന്‍ കണ്ടോള്‍ ബോര്‍ഡ് സഹായിച്ചിരുന്നു എങ്കില്‍ കൃഷി രക്ഷപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജൈവേതരമാലിങ്ങള്‍ ജൈവമാലിന്യത്തോടൊപ്പം സംസ്കരിച്ച്  ജൈവവളമാക്കിയ കേന്ദ്രീകൃത മാലിന്യ സംസ്കരണം വളത്തിലൂടെ ഘനലോഹങ്ങള്‍ വര്‍ദ്ധിപ്പിച്ചും, വിശാംശം കലര്‍ത്തിയും കാര്‍ഷികമേഖലയെമാത്രമല്ല പരിസ്ഥിതിയും തകര്‍ക്കുകകൂടി ചെയ്തു.  ക്രോസ്ബ്രീഡ് ഇനം പശുക്കള്‍ക്ക് വേണ്ട തീറ്റയുടെ അളവും വളരെകൂടുതലാണ്. അവയുടെ ആയുസ്സും കറവാകുന്നത് അമിതോത്പാദനത്തിലൂടെയാണ്. പച്ചപ്പുല്ലിന്റെ അളവ് ഇത്തരം പളുക്കള്‍ക്ക് കൂടിയാല്‍ വരുന്നത് നൈട്രേറ്റ് പോയിസണിംഗ് എന്ന അസുഖമാണ്. വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരില്‍ ശരിയായ രീതിയില്‍ എത്താത്തതുകാരണം തൊഴുത്തിലെ പശുക്കള്‍ മുഴുവന്‍ ചത്തുവീണാലും രോഗചികിത്സ സാധ്യമാകില്ല. മുന്‍കാലങ്ങളില്‍ നാടന്‍ ചെക്കുകളില്‍ ആട്ടിയെടുത്തിരുന്ന പിണ്ണാക്ക് മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് പരിഷ്കരിച്ച മില്ലുകളില്‍ ആട്ടിയെടുത്ത് വീണ്ടും എക്സ്‌പെലന്റ് ചേര്‍ത്ത് ബാക്കിയുള്ള ഗുണവും ഊറ്റിയെടുത്തശേഷം വെറും ചണ്ടിയാണ് കാലിത്തീറ്റയായി ഉയര്‍ന്ന വിലയ്ക്ക് ലഭിക്കുന്നത്.
മികച്ച വിദ്യാഭ്യാസത്തിന് തങ്ങളുടെ മക്കളെയും ചെറുമക്കളെയും പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കള്‍ അവരെ ടെറസിലും വീട്ടുമുറ്റത്തും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്യുവാനും കൂടി പഠിപ്പിക്കുന്നത് നല്ലതാണ്. പ്രായോഗിക കൃഷി രീതികള്‍ കുട്ടികളില്‍ ജൈവ ജൈവേതരമാലിന്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ വേര്‍തിരിച്ച് സംഭരിക്കേണ്ടതിന്റെയും, ശരിയായ ജൈവമാലിന്യ സംസ്കരണരീതിയുടെയും വിവിധ രീതികള്‍ പ്രാവര്‍ത്തികമാക്കുവാനുള്ള പരിശീലനവും സാധ്യമാക്കാം. കമ്പോസ്റ്റ് നിര്‍മ്മാണരംഗത്ത് നാം മറന്നുപോയ കക്കൂസ് മാലിന്യസംസ്കരണം ബയോഗ്യാസ് പ്ലാന്റുകളിലൂടെ മീഥൈന്‍ വാതകമായി മാറ്റിയും സ്ലറിയെ കട്ടിരൂപത്തിലാക്കി എയരോബിക് കമ്പോസ്റ്റാക്കിയും ബാക്കിയാവുന്ന മലിനജലത്തെ ലളിതമായ മാര്‍ഗങ്ങളിലൂടെ ശുദ്ധീകരിച്ച് മണ്ണിലേയ്ക്ക് ആഴ്ത്തിവിട്ട് ഭൂമിയെ റീചാര്‍ജ് ചെയ്യുന്നതിലും പങ്കാളിയാവാം. 

വ്യാഴാഴ്‌ച, നവംബർ 08, 2012

ക്ഷീരോത്പാദകരെ സഹായിക്കാം

ക്ഷീര കര്‍ഷകരെ സഹായിക്കുവാനും അവര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുവാനും വേണ്ടി മൃഗസംരക്ഷണ വാര്‍ത്തകള്‍ എന്ന പേരില്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകരെ കണ്ടെത്തുവാനായി ഒരു ഓണ്‍ലൈന്‍ ഡാറ്റാബാങ്ക് ലഭ്യമല്ല. അതിനാല്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന വിവരങ്ങള്‍ ഇ-മെയില്‍ ഐഡിയോ, മൊബൈല്‍ നമ്പരോ അതല്ലയെങ്കില്‍ രണ്ടും കൂടെയോ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. സര്‍ക്കാര്‍ തലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ക്ഷീരകര്‍ഷക്ക് പ്രയോജനപ്രദമാക്കുവാനും പ്രചരിപ്പിക്കുവാനും ഇത് സഹായകമാകും. കര്‍ഷകരെ സഹായിക്കാന്‍ കഴിയാത്തഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഫാം ലൈസന്‍സിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍. പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ പരമാധികാരം ക്ഷീര കര്‍ഷകര്‍ക്ക് നേരെ തിരിയുമ്പോള്‍ കര്‍ഷകരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ അറിയാതെ പോകുന്നു. പല അവസരങ്ങളിലും ക്ഷീര കര്‍ഷകര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം ആവശ്യമായി വന്നാല്‍ സൌകര്യമുള്ള ഒരു ഡോക്ടറെ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉല്‍പ്പെടെ ജില്ല തിരിച്ചുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ഇത് സഹായകമാകും എന്ന് പ്രതീക്ഷിക്കാം.

ആടുമാടുകള്‍ വളര്‍ത്തുന്ന കര്‍ഷകരെ നിയമത്തിന്റെ നൂലാമാലകളില്‍ ശിക്ഷിക്കുന്ന അവസ്ഥയിലേക്ക്  പോകാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു് നടപടികള്‍ ഉണ്ടാകേണ്ടത് ക്ഷീരോത്പാദനമേഖലയെ പുഷ്ടിപ്പെടുത്താന്‍ സഹായകമാകും. യഥാര്‍ത്ഥത്തില്‍ ജൈവേതരമാലിന്യങ്ങളാണ് പരിസ്ഥിതിയെ മലിനപ്പെടുത്തുന്നത്. അത്തരം മാലിന്യ നിര്‍മ്മാതാക്കളെ ശിക്ഷിക്കുവാനോ തടയുവാനോ കഴിയാതെ പോകുന്നത് ഖേദകരം തന്നെയാണ്. ഗോമൂത്രം ഏറ്റവും നല്ല ജൈവ കീടനാശിനി ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്താം. ചാണകം ദുര്‍ഗന്ധമുണ്ടാകുന്ന ജൈവ മാലിന്യങ്ങളിലെ ദുര്‍ഗന്ധമകറ്റുവാന്‍ കഴിയുന്ന ഒരൊറ്റമൂലിയാണ്. ചാണകത്തിന് എയറോബിക് രീതിയില്‍ ജൈവമാലിന്യങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ കമ്പോസ്റ്റാക്കി മാറ്റുവാനുള്ള കഴിവുണ്ട്. ഒരാഴ്ചക്കുള്ളിലുണ്ടാകുന്ന താപം രോഗാണുക്കളെയും പരാദങ്ങളെയും നശിപ്പിക്കുന്നു.
ചാണകം, ഗോമൂത്രം തുടങ്ങിയവയുടെ മഹത്വം അറിയാത്ത ശാസ്ത്രജ്ഞരും, പരിസ്ഥിതിസ്നേഹികളും, ഭരണകൂടങ്ങളും ഈ നാടിനൊരു ശാപമാണ്. ഒരുകാലത്ത് വീട്ടുറ്റങ്ങളില്‍ മനുഷ്യരുടെയും പട്ടികളുടെയും മൂത്രത്തിന്റെ ദുര്‍ഗന്ധമകറ്റുവാന്‍ നമ്മുടെ മുത്തശ്ശിമാര്‍ ചാണകം കലക്കി തളിക്കുന്നത് കണ്ടു വളര്‍ന്ന നാമെങ്ങിനെ അതിനെ മാലിന്യമായി കണ്ടു? പക്ഷിമൃഗാദികളുടെയും, മനുഷ്യന്റെയും വിസര്‍ജ്യം കൊണ്ട് മണ്ണിനെ പുഷ്ടിപ്പെടുത്തുന്നതിന് പകരം അതിനെ മാലിന്യമായി പരിഗണിക്കുന്നത് അപകടം തന്നെയാണ്. പൂജാമുറികളിലും മറ്റും ഉണങ്ങിയ ചാണക ഉണ്ടകള്‍ വേകിച്ചെടുത്ത ഭസ്മം ഇന്നും പലരും ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍ ചാണകം പാളികളായി ഉണക്കി അടുക്കിവെച്ച് അടുപ്പിലെ തീ കത്തിക്കാനായി ഉപയോഗിക്കുന്നു. ചുട്ടു പൊടിച്ച ചാണകം പല്‍പ്പൊടിയായും പ്രയോജനപ്പെടുത്തുന്നു.

ഗോമൂത്രവും ചാണകവും പ്രയോജനപ്പെടണമെങ്കില്‍ വീടുവീടാന്തിരം പശുക്കളെ വളര്‍ത്തണം. ഡയറിഫാമുകള്‍ക്ക് അതിന് കഴിയില്ല. മാത്രവുമല്ല ക്ഷീരോത്പാദനത്തിന്റെ പേരും പറഞ്ഞ് അടിച്ചേല്‍പ്പിച്ച ക്രോസ് ബ്രീഡ് ഇനങ്ങളുടെ പാലിലെ "ബീറ്റാകേസിന്‍ എഒണ്‍" മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കെ അത്തരം സങ്കര ഇനം പശുക്കളെ നിരോധിക്കുകയാണ് വേണ്ടത്. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരിലൂടെ കര്‍ഷകരിലെത്തുന്നില്ല. യൂണിവേവ്സിറ്റിയില്‍ നടക്കുന്ന സെമിനാറുകളും മറ്റും വിദേശ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന വെറും ചടങ്ങുകളായി മാറുന്നു. കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായതൊന്നും മലയാളഭാഷയില്‍ യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ ലഭ്യമല്ല.
പ്രീയ ക്ഷീര കര്‍ഷകരെ,
നിങ്ങളുടെ ഡയറിയെ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താംഇപ്രകാരം ക്ഷീര കര്‍ഷകരെ സംബന്ധിച്ച കാലാകാലങ്ങളില്‍ പുതുക്കുവാന്‍ കഴിയുന്ന ഒരു ഡാറ്റാബാങ്കില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.